
തഷ്കെന്റ്: ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു. ഈസ്റ്റേൺ എക്കണോമിക് ഫോറത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും റഷ്യൻ വളത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയ്‌ക്കും പുട്ടിൻ നന്ദി രേഖപ്പെടുത്തി.
യുക്രെയിൻ സംഘർഷത്തിൽ ഇന്ത്യയെടുത്ത നിലപാടും ആശങ്കകളും തനിക്കറിയാമെന്ന് പുട്ടിൻ പറഞ്ഞു. ' ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി പരമാവധി ശ്രമിക്കും. " എണ്ണ, വാതകം, ആണവ മേഖലകളിൽ സ്ഥിരമായി പദ്ധതികൾ നടപ്പാക്കുമെന്നും പുട്ടിൻ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് പുട്ടിൻ ആശംസയറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വേഗത്തിൽ വളരുകയാണെന്നും പുട്ടിൻ ചൂണ്ടിക്കാട്ടി.
' വീണ്ടും കണ്ടുമുട്ടാനുള്ള അവസരം നമുക്ക് ലഭിച്ചു. ഉഭയകക്ഷി പ്രശ്നങ്ങളെ കുറിച്ചും ആഗോള വിഷയങ്ങളെ പറ്റിയും നാം സംസാരിച്ചു. സുരക്ഷ, ഭക്ഷ്യ, ഊർജ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ നാം സ്വീകരിക്കേണ്ടതുണ്ട്. " മോദി പുട്ടിനോട് പറഞ്ഞു.
' നമ്മൾ ( ഇന്ത്യയും റഷ്യയും ) പതിറ്റാണ്ടുകളായി സുഹൃത്തുക്കളാണ്. നമ്മൾ ഒരുമിച്ചാണ്. ലോകത്തിന് നമ്മുടെ ബന്ധം അറിയാം. നമ്മൾ എല്ലാ തലത്തിലും ഒരുമിച്ച് പ്രവർത്തിക്കുന്നു. ലോകത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ നമുക്ക് ഇരുവർക്കും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു." മോദി കൂട്ടിച്ചേർത്തു.
മോദിയുടെ പിറന്നാൾ ഓർമ്മിച്ച് പുട്ടിൻ
ഇന്ന് മോദിയുടെ ജന്മദിനമാണെന്ന കാര്യം റഷ്യയ്ക്ക് ഓർമ്മയുണ്ടെന്നും പുട്ടിൻ പറഞ്ഞു. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂട്ടി ആശംസയറിയിക്കില്ലെങ്കിലും ഇന്ത്യയ്ക്കും മോദിക്കും ആശംസകൾ നേരുന്നതായും പുട്ടിൻ പറഞ്ഞു. അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പാക്കാൻ സഹായിച്ചതിന് പുട്ടിനോടും യുക്രെയിനോടും മോദി നന്ദി രേഖപ്പെടുത്തി. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മോദിയും പുട്ടിനും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ റഷ്യയെ കുറ്റപ്പെടുത്തിയിട്ടില്ല. പ്രശ്നങ്ങൾ നയതന്ത്ര മാർഗത്തിൽ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.