
ബീച്ചിലെ മണലിൽ ടയറുകൾ പൂഴ്ന്ന് കാറുകൾ അപകടത്തിൽപ്പെടുന്ന നിരവധി സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര ദുർഘടം പിടിച്ച റോഡിലൂടെയും സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുള്ള എസ്. യു. വി വിഭാഗത്തിൽപ്പെട്ട കാറുകൾ ഇന്ന് വിപണിയിലുണ്ടെങ്കിലും ബീച്ചുകൾ കാറുകൾക്ക് അത്രയും അനുയോജ്യമായ ഒരു സഞ്ചാരപാതയല്ല എന്ന് വീണ്ടും തെളിയിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കേരളത്തിലെ തന്നെ ഒരു ബീച്ചിൽ നടന്ന സംഭവമാണ് ഡ്രൈവർ ഇത് അർഹിക്കുന്നു എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റ് വഴി പങ്കുവെച്ചിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ല ജീപ്പ് കോംപസ് ആളുകൾ നിറഞ്ഞുനിൽക്കുന്ന ബീച്ചിലൂടെ ഓടിച്ചു പോകുന്നതും കുറച്ച് സമയത്തിന് ശേഷം ജീപ്പ് നനഞ്ഞുകുതിർന്ന മണ്ണിൽ പുതഞ്ഞ് മുന്നോട്ട് പോകാൻ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ടയറുകൾ വേഗതയിൽ കറങ്ങുന്നതിനോടൊപ്പം കൂടുതൽ മണലിലേയ്ക്ക് താഴ്ന്ന് പോകുന്നതിനാൽ ജീപ്പിനെ ചലിപ്പിക്കാനായി ഡ്രൈവറിന്റെ പരിശ്രമം വിജയം കാണാതെ പോകുന്നു. ഇതിനിടയിൽ രക്ഷാപ്രവർത്തനത്തിനായെത്തിയവർ ഡ്രൈവറിനോട് തർക്കിക്കുന്നുമുണ്ട്. ഒടുവിൽ ക്രെയിനെത്തി ജീപ്പ് മൊത്തമായി കടലെടുക്കുന്നതിൽ നിന്നും രക്ഷിക്കുകയായിരുന്നു.
ജീപ്പിനെ ബീച്ചിൽ നിന്ന് മാറ്റുന്ന ദൃശ്യങ്ങൾ വീഡിയോയിലില്ല എങ്കിലും ഇത് വരെ 99,000 ലൈക്കുകളും 1,100 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പലരും കാറിനുള്ളിലുള്ളവരുടെ ജീവന് വില നൽകാത്ത തരത്തിൽ ബീച്ചിലൂടെ കാറോടിച്ച ഡ്രൈവറിനോടുള്ല അമർഷമാണ് കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.