
ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ആംആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.
അമാനത്തുള്ള ഖാന്റെയും ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാൻ മസൂദ് ഉസ്മാന്റെയും ഓഫീസുകളിലും മറ്റും നടത്തിയ റെയ്ഡിൽ രണ്ട് തോക്കും വെടിയുണ്ടകളും 24 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. അമാനത്തുള്ള ഖാൻ ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ 32പേരെ ചട്ടവിരുദ്ധമായി നിയമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇന്ന് ഉച്ചയ്ക്ക് ചോദ്യം ചെയ്തത്.
അതേസമയം കെജ്രിവാൾ സർക്കാർ കുറ്റവാളികളുടെ സംഘമാണെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര ആരോപിച്ചു. റെയ്ഡിൽ കണ്ടെത്തിയ ആയുധങ്ങൾക്ക് ഡൽഹി കലാപവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും കപിൽ ആവശ്യപ്പെട്ടു.