
കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രയ്ക്കിടയിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലൂടെ പര്യടനം നടത്തവേ കരുനാഗപ്പള്ളിയിലുള്ള ആശ്രമത്തിൽ നേരിട്ടെത്തിയായിരുന്നു സന്ദർശനം.എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പം രാത്രി എട്ടരയോടെ അമൃതപുരിയിലെത്തിയ രാഹുൽ ഗാന്ധി 45 മിനിറ്റോളം അമൃതാനന്ദമയിയുമായി ചിലവഴിച്ചു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
മാതാ അമൃതാനന്ദമയിയെ ആശ്രമത്തിലെത്തി നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്. അമ്മയുടെ സംഘടന പാവപ്പെട്ടവരെയും താഴേക്കിടയിടയിലുളളവരെയും സഹായിക്കാനായി ചെയ്യുന്ന പ്രവൃത്തികൾ എന്നെ അത്ഭുതപ്പെടുത്തി. എന്റെ സ്നേഹപ്രകടനത്തിന് പകരമായി അമ്മയുടെ ഊഷ്മളമായ സ്നേഹം നിറഞ്ഞ ആലിംഗനം ലഭിക്കുകയും ചെയ്തു, രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.