
ശ്രീകാര്യം: വിദ്യാർത്ഥികൾ ഒരുമിച്ചിരിക്കുന്നെന്നാരോപിച്ച് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിപ്പിടങ്ങൾ വെട്ടിമുറിച്ച് വിവാദം സൃഷ്ടിച്ച സി.ഇ.ടി കോളേജിലെ വിവാദ കാത്തിരിപ്പ് കേന്ദ്രം നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ പൊളിച്ചുനീക്കി. പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ ജീവനക്കാർ ലോറിയിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കാത്തിരിപ്പുകേന്ദ്രം പുതുക്കിപ്പണിതശേഷം ബസ് കാത്തിരിപ്പുകേന്ദ്രം മാത്രമെന്ന് ചുവരിൽ എഴുതിവച്ചതിനെ തുടർന്നാണ് കോർപ്പറേഷന്റെ അടിയന്തര ഇടപെടൽ.
പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ആധുനിക രീതിയിൽ പി.പി.ഇ മോഡലിൽ ഉടൻ നിർമ്മിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ജെൻഡർ ന്യൂട്ട്രാലിറ്റി ബസ്റ്റ് സ്റ്റോപ്പായിരിക്കുമത്. ഡിസൈൻ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ഡിസൈൻ തയ്യാറായാൽ രണ്ടാഴ്ച കൊണ്ട് ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.
പൊതുമരാമത്ത് റോഡിന്റെ വശത്തുള്ള റോഡായതുകൊണ്ട് വകുപ്പിന്റെ അനുമതിയും തേടിയിട്ടുണ്ട്. നിയമാനുസൃതമായാണ് ബസ് സ്റ്റോപ്പ് പൊളിച്ചതെന്നും മേയർ വ്യക്തമാക്കി.
കോളേജിലെ വിദ്യാർത്ഥികൾ കാത്തിരിപ്പ് കേന്ദ്രത്തിൽ ഒന്നിച്ചിരിക്കുന്നത് തടയാൻ ബെഞ്ച് മാതൃകയിൽ ഉണ്ടായിരുന്ന ഇരിപ്പിടം മുറിച്ചുമാറ്റിയതാണ് വിവാദങ്ങളുടെ തുടക്കം. രണ്ടുമാസം മുമ്പാണ് സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ബെഞ്ച് മാതൃകയിലുള്ള ഇരിപ്പിടം മുറിച്ചുമാറ്റി ഒരാളിന് ഇരിക്കാവുന്ന ഒറ്റസീറ്റ് ഇരിപ്പിടം നിർമ്മിച്ചത്. സംഭവത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പ്രതിഷേധിക്കുകയും സെൽഫിയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തതോടെയാണ് വിദ്യാർത്ഥി സംഘടനകൾ പിന്തുണയുമായെത്തിയത്. അന്ന് സ്ഥലം സന്ദർശിച്ച മേയർ ആര്യാ രാജേന്ദ്രൻ സ്ത്രീപുരുഷ സമത്വത്തിനെതിരായ കടന്നാക്രമണമാണിതെന്നും കാത്തിരിപ്പുകേന്ദ്രം പൊളിച്ച് പുതിയത് പണിയുമെന്നും പ്രഖ്യാപിച്ചിരുന്നു.