cheetah

ഗ്വാളിയോർ: ആഫ്രിക്കൻ കാടുകളിലെ അതിവേഗ ഓട്ടക്കാരായ ആ എട്ട് ചീറ്റകൾ ഇനി ഇന്ത്യയ്‌ക്ക് സ്വന്തം. തന്റെ 72ാം പിറന്നാൾ ദിനത്തിലെ ആദ്യ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ചീറ്റപ്പുലികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്‌തു. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് രാവിലെ 11.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചീറ്റകളെ തുറന്നുവിട്ടത്.

രാജ്യത്തെ വന്യജീവികളെയും അവയുടെ ആവാസവ്യൂഹത്തെയും പുനരുജ്ജീവിപ്പിക്കാനും വൈവിദ്ധ്യവൽക്കരിക്കാനുമുള‌ള സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് ഇവയെ എത്തിച്ചത്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയുമാണ് ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും എത്തിച്ചത്. നാലര മുതൽ അഞ്ചര വരെ വയസ് പ്രായമുള‌ളവയാണ് ആൺ ചീറ്റപ്പുലികൾ. അതേ സമയം രണ്ടര മുതൽ അഞ്ചര വയസ് പ്രായമുള‌ളവയാണ് പെൺ പുലികൾ. ഒരു പെൺ ചീറ്റയും രണ്ട് സഹോദരങ്ങളായ ആൺ ചീറ്റപ്പുലികളും അടങ്ങുന്ന സംഘം ഒന്നിച്ച് ഇരതേടും എന്ന പ്രത്യേകതയും ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലുണ്ട്.

ആരോഗ്യത്തിന്റെയും സ്വഭാവത്തിലെ വന്യതയുടെയും പ്രതിരോധ ശേഷിയുടെയും പ്രത്യുൽപാദന ശേഷിയുടെയും എല്ലാം അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഇവ ഇന്ത്യയിലെത്തുന്നത്. 2009 മുതൽ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സ്വപ്‌നമായിരുന്ന 'പ്രോജക്‌ട് ചീറ്റ' അങ്ങനെ പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ പൂവണിയുകയാണ്.

#WATCH | The special chartered cargo flight, carrying 8 cheetahs from Namibia, landed at the Indian Air Force Station in Gwalior, Madhya Pradesh. pic.twitter.com/xFmWod7uG5

— ANI (@ANI) September 17, 2022

കടുവയുടെ മുഖമുള്ള പ്രത്യേക ബോയിംഗ് വിമാനം ബി-747 ജംബോ ജെറ്റിന്റെ പ്രധാന ക്യാബിനിലാണ് ഇവയെത്തിയത്. ഡോക്ടർമാർക്ക് ചീറ്റകളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും വിമാനത്തിലുണ്ടായിരുന്നു.

പതിനാറ് മണിക്കൂർ തുടർച്ചയായി പറക്കാനാകുന്ന പ്രത്യകേ വിമാനത്തിൽ നീണ്ട യാത്രയിൽ അസ്വസ്തതകളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വെറും വയറ്റിലാണ് ചീറ്റകളെ എത്തിച്ചത്. അതിനാൽ നല്ല വിശപ്പോടെയാകും ഇവ ഇന്ത്യയിലെത്തിയിരിക്കുന്നത്. ചീറ്റയെ സംരക്ഷിക്കുന്ന പദ്ധതിക്ക് നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 50.22 കോടി രൂപ നൽകും. ആദ്യ ഗഡുവായി 9.95 കോടി അനുവദിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിക്കാണ് പദ്ധതിയുടെ മേൽനോട്ടം. അഞ്ച് വർഷത്തിനുള്ളിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതി.