governor

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ അറിയിച്ചു.

മുഖ്യമന്ത്രി തന്റെ ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നില്ലെന്ന് ഗവർണർ ആരോപിച്ചു. താൻ അയ‌ക്കുന്ന കത്തുകൾക്കും ഫോൺ കോളുകൾക്കുമൊന്നും മുഖ്യമന്ത്രി മറുപടി നൽകില്ല. സർക്കാർ കാര്യങ്ങളൊന്നും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടും തന്നെ അറിയില്ല. തന്നെ കാണാൻ മുഖ്യമന്ത്രിയ്‌ക്ക് പേടി എന്തിനാണ്. പിന്നിൽ നിന്നുള‌ള യുദ്ധം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.

തനിക്കെതിരായി മൂന്നുവർഷം മുൻപ് കണ്ണൂരിലുണ്ടായ വധശ്രമത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണെന്നും ഗവർണർ ചോദിച്ചു. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു. യോഗ്യതയില്ലാത്തവരെ വാ‌ഴ്‌സിറ്റിയിൽ തുടരാൻ അനുവദിക്കില്ല.

തലസ്ഥാനത്ത് നാളെ എത്തിയ ശേഷം സ‌ർക്കാരിനെതിരായി കൂടുതൽ തെളിവുകൾ പുറത്തുവിടും. സർവകലാശാല നിയമനങ്ങളിലടക്കം രാഷ്‌ട്രീയ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കയച്ച കത്തും പുറത്തുവിടുമെന്ന് ഗവർണർ അറിയിച്ചു. സർവകലാശാലകൾ ജനങ്ങളുടേതാണെന്നും അൽപകാലം ഭരണത്തിൽ ഇരിക്കുന്നവർക്കുള‌ളതല്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു.