
ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നടന്ന കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പുകഴ്‌ത്തി അമേരിക്കൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ.
റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനെതിരായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി ഇന്നത്തെ യുഗം യുദ്ധത്തിന്റെതല്ലെന്നും ഇക്കാര്യം താൻ ഫോണിൽ സംസാരിച്ചതാണെന്നുമാണ് പുടിനോട് പറഞ്ഞത്. യുക്രെയിൻ യുദ്ധത്തിൽ മോദി പുടിനെ ശാസിച്ചു എന്നാണ് വാഷിംഗ്‌ടൺ പോസ്‌റ്റ് റിപ്പോർട് ചെയ്‌തത്.
യുക്രെയിൻ ആക്രമണ വിഷയത്തിൽ പുടിൻ എല്ലാത്തരത്തിലും സമ്മർദ്ദത്തിലാണെന്ന് വാഷിംഗ്‌ടൺ പോസ്‌റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും അറിയാമെന്ന് പ്രതികരിച്ച പുടിൻ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും എന്നാൽ യുക്രെയിൻ ഇത് അവസാനിപ്പിക്കാൻ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്നും പുടിൻ ആരോപിക്കുന്നു.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 'ഇപ്പോൾ യുദ്ധത്തിന്റെ യുഗമല്ലെന്ന് പുടിനോട് ഇന്ത്യൻ നേതാവ്' എന്നാണ്. എന്നാൽ കൂടിക്കാഴ്‌ച സൗഹൃദപരമാണെന്നും ഇരുവരും പൂർവകാല ചരിത്രത്തെ ചർച്ചയ്‌ക്കിടെ സൂചിപ്പിച്ചു എന്നും ന്യൂയോർക്ക് ടൈംസിൽ പറയുന്നു. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പുടിനുമായി ചർച്ച നടത്തിയ ശേഷമാണ് മോദിയുമായി റഷ്യൻ പ്രസിഡന്റ് ചർച്ച നടത്തിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.