
വർക്കല : മദ്യപിച്ച് വാഹനമോടിക്കുന്നവർ ജാഗ്രതൈ ! വർക്കലയിൽ കേരള പൊലീസിന്റെ ആൾക്കോ സ്‌കാൻ വാൻ ഉൾപ്പെടെയുള്ള ടീം രംഗത്ത്. മദ്യവും ലഹരിവസ്തുക്കളും മറ്റും ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാൻ കിടിലൻ സങ്കേതിക വിദ്യയുമായിട്ടാണ് പൊലീസ് രംഗത്തെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ആൾക്കോ സ്‌കാൻ വാനാണ് വർക്കലയിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളത്. ഉമിനീർ പരിശോധിച്ചാണ് ഉള്ളിൽ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക.
വിനോദസഞ്ചാരകേന്ദ്രമായ വർക്കല ക്ലിഫ് പരിസരത്താണ് ആദ്യഘട്ടമെന്ന നിലയിൽ പരിശോധന. ലഹരി മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും ഉമിനീർ പരിശോധന നടത്തി അപ്പോൾത്തന്നെ ഫലം അറിയാനാകും. വരുന്ന അഞ്ച് ദിവസങ്ങളിൽ വർക്കല മേഖലയിൽ ആൾക്കോ വാനിന്റെ പരിശോധന ഉണ്ടായിരിക്കുമെന്ന് വർക്കല ഡിവൈ.എസ്.പി പി.നിയാസ് അറിയിച്ചു.