
കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് മദ്യലഹരിയിൽ സ്വിറ്റ്സർലൻഡ് സ്വദേശിയായ യുവാവിന്റെ പരാക്രമം . ഇന്നലെ രാവിലെ ഷബ് ലൂക്കോസ് എന്നയാളാണ് മദ്യലഹരിയിൽ നഗരത്തിൽ പ്രശ്നമുണ്ടാക്കിയത്. വഴിയോര കച്ചവടക്കാർക്കും കാൽ നടയാത്രക്കാർക്കും നേരെ പ്രകോപനപരമായി പെരുമാറുകയായിരുന്നു. വാഹനങ്ങൾക്കു നേരെയും അക്രമം നടത്താൻ ശ്രമം നടത്തി. സമീപത്തുള്ളവർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവിടെ നിന്നും മാറ്റാൻ ശ്രമിച്ച പൊലീസിനു നേരെയും ഇയാൾ തട്ടിക്കയറി.
ഒടുവിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ തിരക്കേറിയ റോഡിൽ കിടന്ന് ബഹളം വച്ചു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി യുവാവിനെ പിടികൂടി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാഭരണം ഡൽഹിയിലെ സ്വിറ്റ്സർലാന്റ് എംബസിയുമായി ബന്ധപ്പെട്ട് യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്.