roger-federer

ലോകടെന്നിസിൽ തനതായ കേളീശൈലികൊണ്ട് ഇതിഹാസമായി മാറിയ സ്വിറ്റ്സർലാൻഡ് താരം റോജർ ഫെഡറർ റാക്കറ്റ് താഴെവയ്ക്കുകയാണ്. നീണ്ട 24 വർഷങ്ങൾ പ്രൊഫഷണൽ സർക്യൂട്ടിൽ ചെലവിട്ട ഫെഡറർ ഓരോ ടെന്നിസ് പ്രേമിയുടെയുടെയും ഹൃദയത്തിൽ ഇരിപ്പിടം സൃഷ്ടിച്ചത് ശക്തിയും സൗന്ദര്യവും ഒത്തുചേർന്ന പ്രകടനങ്ങൾ കൊണ്ടുമാത്രമല്ല,സൗമ്യവും ദീപ്തവുമായ പെരുമാറ്റത്തിലൂടെയുമായിരുന്നു. കളിക്കളത്തിൽ ഒരു സിംഹത്തിന്റെ വീറോടെ പൊരുതുമ്പോഴും എതിരാളികളോട് ഒരു ചിരികൊണ്ട് സംവദിക്കാൻ, കിരീടനേട്ടങ്ങളിൽ കണ്ണീരുകൊണ്ട് അഹങ്കാരം കഴുകിക്കളയാൻ ഫെഡറർക്ക് കഴിഞ്ഞിരുന്നു.

1998 ലാണ് റോജർ ഫെഡറർ എന്ന മീശമുളയ്ക്കാത്ത 17കാരൻ പ്രൊഫഷണൽ ടെന്നിസിലേക്ക് പിച്ചവെച്ചെത്തുന്നത് .അഞ്ചുവർഷങ്ങൾക്ക് ശേഷം വിംബിൾഡണിലെ പുൽത്തകിടിയിൽ മാർക്ക് ഫിലിപ്പോസിസിനെ ഫൈനലിൽ മലർത്തിയടിച്ച് ഫെഡറർ കന്നിഗ്രാൻസ്ളാം കിരീടം ഉയർത്തുമ്പോൾ ചരിത്രത്തിലേക്കുള്ള മഹാപ്രയാണത്തിന്റെ തുടക്കമായിരുന്നു അതെന്നാരും കരുതിയിരിക്കില്ല. വിംബിൾഡണിൽ മാത്രം എട്ടുകിരീടങ്ങൾ. ആസ്ട്രേലിയൻ ഓപ്പണിൽ ആറ്.യു.എസ് ഓപ്പണിൽ അഞ്ച്. റാഫേൽ നദാൽ കുത്തകയാക്കിയിരുന്ന ഫ്രഞ്ച് ഓപ്പണിൽ ഒരു തവണയും അയാൾ ജേതാവായി. 14 ഗ്രാൻസ്ളാം കിരീടങ്ങൾ എന്ന പീറ്റ് സാംപ്രസിന്റെ റെക്കാഡ് ഫെഡറർക്ക് മുന്നിൽ വഴിമാറിയത് 2009ലെ വിംബിൾഡണിലാണ്. അവിടെയും നിറുത്താത്ത കുതിപ്പ്. 20 ഗ്രാൻസ്ളാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ ടെന്നിസ് താരമെന്ന റെക്കാഡിലേക്കെത്തിച്ചു. പിന്നീട് റാഫേൽ നദാലും നൊവാക്ക് ജോക്കോവിച്ചും കിരീടത്തിന്റെ എണ്ണത്തിൽ മറികടന്നെങ്കിലും ഫെഡറർ സൃഷ്ടിച്ച മാന്ത്രികത കാണികളുടെ മനസിൽ എന്നും നിറഞ്ഞുനിന്നു.

രണ്ട് വ്യാഴവട്ടക്കാലം നീണ്ടുനിന്ന കരിയറിൽ 310 ആഴ്ചകൾ എ.ടി.പി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു ഫെഡറർ. അതിൽ 237 ആഴ്ചകൾ തുടർച്ചയായി ഒന്നാം റാങ്കിൽ. ചെറുതും വലുതുമായി കരിയറിലാകെ 103 കിരീടങ്ങൾ. വർഷാന്ത്യത്തിൽ മുൻനിരതാരങ്ങൾ പങ്കെടുക്കുന്ന വേൾഡ് ടൂർ ഫൈനൽസിൽ ചാമ്പ്യനായത് ആറുതവണ. രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിൽ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെള്ളിയും. ഡേവിസ് കപ്പിലും ഹോപ്മാൻ കപ്പിലും സ്വിറ്റ്സർലാൻഡിന്റെ കിരീടനേട്ടങ്ങളിലും പങ്കാളിയായി.

കോർട്ടിലെ ഓരോ ഷോട്ടുകളുടെയും സൗന്ദര്യമാണ് ഫെഡറർക്ക് ഇത്രയുമധികം ആരാധകരെ സൃഷ്ടിച്ചത്. ഫോർഹാൻഡ് ഷോട്ടുകൾക്കൊപ്പം ഒറ്റക്കൈയൻ ബാക്ഹാൻഡ് ഷോട്ടുകളും ഇന്നും കാണികളുടെ ഹൃദയത്തിലുണ്ട്. കാളക്കൂറ്റന്റെ കരുത്തുകൊണ്ട് കളംനിറയുന്ന നദാലും തളരാത്ത പോരാട്ടവീര്യമുള്ള നൊവാക്കും വന്നിട്ടും എതിരാളിയുടെ സെക്കൻഡ് സെർവിന് ബേസ്‌ലൈനിൽ നിന്ന് മുന്നോട്ടോടിക്കയറി റിട്ടേൺ പായിക്കുന്ന ഫെഡററുടെ കേളീസൗന്ദര്യത്തിന് പകരം നിൽക്കാൻ കഴിഞ്ഞിട്ടില്ല. പിന്നോട്ടുതിരിഞ്ഞോടുന്നതിനിടയിൽ എതിരാളിയെ നോക്കാതെ കാലുകൾക്കിടയിലൂടെയുള്ള ഫെഡററുടെ സ്പെഷൽ ഷോട്ടുകൾ പലപ്പോഴും കാണികളെ രസിപ്പിച്ചു.

ദീ​ർ​ഘ​നാ​ളാ​യി​ ​പ​രി​ക്ക് ​അ​ല​ട്ടു​മ്പോ​ഴും​ ​ക​ളി​ക്ക​ള​ത്തി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വ് ​ഫെഡറർ​ ​സ്വ​പ്നം​ ​ക​ണ്ടി​രു​ന്നു. ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ശസ്ത്രക്രി​യ കഴി​ഞ്ഞുമാറിനി​ൽ​ക്കു​ന്ന​ 41​കാ​ര​നാ​യ​ ​ഫെ​ഡ​റ​ർ​ ​തി​രി​ച്ചു​വ​ര​വി​ന് ​ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും​ ​പ​രി​ക്ക് ​അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് ​അടുത്തയാഴ്ചത്തെ ലേവർകപ്പിലൂടെ വി​ര​മി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്. ക്രി​ക്ക​റ്റ് ​ഇ​തി​ഹാ​സം​ ​സ​ച്ചി​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​റെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​നി​ഷ്ക​ള​ങ്ക​തയായിരുന്നു ഫെഡററുടേത്. ​ ​ഫെ​ഡ​റ​റു​ടെ​ ​വ​ലി​യ​ ​ആ​രാ​ധ​ക​നാ​യി​രു​ന്നു​ ​സ​ച്ചി​ൻ​ ​എ​ന്ന​ത് ​മ​റ്റൊ​രു​ ​കൗ​തു​കം. കോർട്ടിലെ സിംഹവീര്യത്തിനാെപ്പം സൗമ്യസുന്ദരമായ സ്വഭാവവും ചേരുന്ന പ്രതിഭകൾ അപൂർവമാണ്. കഴിഞ്ഞയാഴ്ച യു.എസ് ഓപ്പണിലൂടെ വനിതാ ഇതിഹാസതാരം സെറീന വില്യംസ് വിരമിച്ചിരുന്നു. പിന്നാലെയാണ് ഫെഡററുടെ മടക്കം.

ലോക ടെന്നിസിൽ ഇനിയും ഗ്രാൻസ്ളാം ചാമ്പ്യന്മാർ വരും,ഒന്നാം റാങ്കുകാരുണ്ടാകും; പക്ഷേ മറ്റൊരു റോജർ ഫെഡറർ ഇനിയെന്നാണ് പിറവിെയടുക്കുക?.