
അറുപത്തിമൂന്നുകാരനായ അബു അബ്ദുള്ള എന്ന സൗദി പൗരൻ വാർത്താപ്രാധാന്യം നേടുന്നത് വിവാഹങ്ങളിലൂടെയാണ്. 43 വർഷത്തിനിടെ അബു ഇതുവരെ ചെയ്തത് 53 വിവാഹങ്ങളാണ്. ജീവിതത്തിൽ സമാധാനം തേടിയാണ് താൻ ഓരോ വിവാഹവും കഴിക്കുന്നതെന്നാണ് ഇയാൾ വെളിപ്പെടുത്തുന്നത്. പലതവണ വിവാഹം കഴിച്ചത് വ്യക്തിപരമായ സുഖം തേടിയല്ലെന്നും ജീവിതത്തിൽ സമാധാനം ലഭിക്കാനാണെന്നുമാണ് അബുവിന്റെ വാദം.
ഇരുപതാമത്തെ വയസിലാണ് അബു അബ്ദുള്ള ആദ്യമായി വിവാഹം കഴിച്ചത്. തന്നെക്കാൾ ആറു വയസ് കൂടുതലുള്ള യുവതിയെയാണ് അന്ന് വിവാഹം കഴിച്ചത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒരു വിവാഹം കൂടി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. 23ാമത്തെ വയസിലാണ് അബു രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. എന്നാൽ രണ്ട് ഭാര്യമാരും തമ്മിൽ വഴക്കായതോടെയാണ് മൂന്നാമത്തെ വിവാഹത്തെ കുറിച്ച് ഇയാൾ ചിന്തിച്ചത്. അവിടെയും വഴക്ക് നിൽക്കാതായതോടെ നാലാമത്തെ വിവാഹം കഴിച്ചു. ഇതുപോലെ തന്റെ 53 വിവാഹങ്ങൾക്കും കാരണങ്ങൾ അബുവിന്റെ കൈയിലുണ്ട്. തന്റെ 53 വിവാഹങ്ങളിൽ ഒരു വിവാഹം ആദ്യരാത്രി മാത്രം നീണ്ടുനിന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അബു വിവാഹം ചെയ്ത യുവതികളുടെ പട്ടികയിൽ വിദേശ സ്ത്രീകളും ഇടം പിടിച്ചിട്ടുണ്ട്. എല്ലാ ഭാര്യമാരോടും ഒരേ നീതിയോടെയാണ് താൻ പെരുമാറുന്നതെന്ന് അബു വിവരിക്കുന്നു.
അടുത്തിടെ കെനിയയിൽ നിന്നും അബുവിന്റെ ജീവിതത്തോട് സമാനമായ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. 15 ഭാര്യമാരും 107 കുട്ടികളുമുള്ള ആഫ്രിക്കക്കാരനെ കുറിച്ചായിരുന്നു അത്. പടിഞ്ഞാറൻ കെനിയയിലെ ഒരു ഗ്രാമത്തിലാണ് 61 വയസുള്ള ഡേവിഡ് സകായോ കലുഹാന ജീവിക്കുന്നത്. 700 ഭാര്യമാരും 300 വെപ്പാട്ടികളുമുള്ള സോളമൻ രാജാവാണ് തനിക്ക് പ്രചോദനമായതെന്ന് ഡേവിഡ് സകായോ കലുഹാന പറഞ്ഞിരുന്നു.