
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളായ ഇന്ന് അദ്ദേഹം കുറച്ച് പുതിയ അതിഥികളെ രാജ്യത്ത് എത്തിച്ചിരിക്കുകയാണ്. നമീബിയയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളെയാണ് പ്രധാനമന്ത്രി കൂടുതുറന്ന് രാവിലെ മോചിപ്പിച്ചത്. വേഗത്തിന്റെ പര്യായമായ ചീറ്റകളെ തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കാനും പ്രധാനമന്ത്രി മറന്നില്ല. എന്നാൽ ഇപ്പോൾ ആളുകൾ തിരക്കുന്നത് എപ്പോഴാണ് പൊതുജനത്തിന് കുനോ നാഷണൽ പാർക്കിൽ ചെന്ന് ചീറ്റകളെ കാണാനാവുക എന്നതാണ്. ഇതിനുള്ള ഉത്തരം തന്റെ ചെറു പ്രസംഗത്തിൽ മോദി നൽകിയിട്ടുമുണ്ട്.
സന്ദർശനത്തിനായി കുറച്ചു നാൾ കാത്തിരിക്കണമെന്ന സൂചനയാണ് മോദി ജനത്തിന് നൽകിയത്. അതിഥികളായി എട്ട് ചീറ്റകൾ വന്നിട്ടുണ്ടെന്നും. എന്നാൽ ഇപ്പോൾ പ്രദേശവുമായി ഇണങ്ങുന്നതുവരെ, കുറച്ച് മാസങ്ങൾ കാത്തിരിക്കാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. 'കുനോ നാഷണൽ പാർക്കിൽ ചീറ്റകളെ കാണാൻ ആളുകൾ ക്ഷമ കാണിക്കുകയും കുറച്ച് മാസങ്ങൾ കാത്തിരിക്കുകയും വേണം. ഈ പ്രദേശം അറിയാതെയാണ് ചീറ്റപ്പുലികൾ അതിഥികളായി വന്നിരിക്കുന്നത്. അവർക്ക് കുനോ നാഷണൽ പാർക്ക് അവരുടെ വീടാക്കി മാറ്റാൻ, ഈ ചീറ്റകൾക്ക് കുറച്ച് മാസങ്ങൾ സമയം നൽകണം,' പ്രധാനമന്ത്രി മോദി പറഞ്ഞു. അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ പാലിച്ച് ചീറ്റപ്പുലികളെ താമസിപ്പിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ചീറ്റകളെ എത്തിക്കുന്നതിന് സഹായിച്ച നമീബിയൻ സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു.
#WATCH | Prime Minister Narendra Modi releases the cheetahs that were brought from Namibia this morning, at their new home Kuno National Park in Madhya Pradesh.
— ANI (@ANI) September 17, 2022
(Source: DD) pic.twitter.com/CigiwoSV3v
'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെയാണ് ഇന്ന് എത്തിച്ചത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് കൊണ്ടുവന്നത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചു.