
ഹൈദരാബാദ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ യാത്രയ്ക്ക് വിഘ്നമുണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്ത കാർ സുരക്ഷാ ഭടൻമാർ തകർത്തെന്ന് പരാതി. 'ഹൈദരാബാദ് വിമോചന ദിന' ആഘോഷങ്ങളിൽ പങ്കെടുക്കാനായി തെലങ്കാനിയിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ യാത്ര തടസപ്പെടുത്തുന്ന വിധം ടിആർഎസ് നേതാവ് ഗോസുല ശ്രീനിവാസാണ് കാർ പാർക്ക് ചെയ്തത്. അമിത്ഷായുടെ സുരക്ഷാ ഭടൻമാർ തന്റെ വാഹനം തകർത്തതായി ടിആർഎസ് നേതാവ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നശിപ്പിച്ച കാറിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ഹൈദരാബാദിനെ സ്വതന്ത്രഭാരതത്തിൽ ലയിപ്പിച്ചതിന്റെ വാർഷികമാണ് സെപ്തംബർ 17ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആഘോഷിച്ചത്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ടിആർഎസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു വിട്ടുനിന്നു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കർണാടക ഗതാഗത മന്ത്രി ബി ശ്രീരാമുലുവും ചടങ്ങിൽ പങ്കെടുക്കാനെത്തി. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 1200 കലാകാരന്മാർ അണിനിരന്നു. തെലങ്കാനയിലും മഹാരാഷ്ട്ര, കർണാടക എന്നിവയുടെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടന്നതായിരുന്നു ആദ്യകാല ഹൈദരാബാദ് സംസ്ഥാനം. സൈനിക നടപടികളെത്തുടർന്ന് 1948 സെപ്തംബർ 17നാണ് ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേർന്നത്.