adani

മുംബയ്: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് പ്രസ്ഥാനമെന്ന പട്ടം ടാറ്റാ ഗ്രൂപ്പിൽ നിന്ന് പിടിച്ചെടുത്ത് ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. അംബുജ സിമന്റ്‌സ് കമ്പനിയെ ഏറ്റെടുത്തതോടെയാണ് ഈ നേട്ടം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അംബുജ സിമന്റ്‌സിന്റെ ചെയർമാൻ സ്ഥാനം ഗൗതം അദാനിയും എ.സി.സി ചെയർമാൻ സ്ഥാനം മകൻ കരൺ അദാനിയും ഏറ്റെടുത്തിട്ടുണ്ട്.

അംബുജ സിമന്റ്‌സ്, ഇതിന്റെ ഉപകമ്പനിയായ എ.സി.സി എന്നിവയുടെയും ചേർത്ത് അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം ഇപ്പോൾ 22.55 ലക്ഷം കോടി രൂപയാണ്. ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും സംയുക്തമൂല്യം 20.81 ലക്ഷം കോടി രൂപ. 17.07 ലക്ഷം കോടി രൂപയുമായി ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസാണ് മൂന്നാമത്.

ടോപ് 5 കമ്പനികൾ

(ബിസിനസ് ഗ്രൂപ്പുകളും മൂല്യവും - തുക ലക്ഷംകോടിയിൽ)

1. അദാനി ഗ്രൂപ്പ് - ₹22.55

2. ടാറ്റാ ഗ്രൂപ്പ് - ₹20.81

3. റിലയൻസ് ഇൻഡസ്‌ട്രീസ് : ₹17.07

4. ബജാജ് ഗ്രൂപ്പ് - ₹9.24

5. ആദിത്യ ബിർള ഗ്രൂപ്പ് - ₹4.99

അദാനിക്കമ്പനികൾ

അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികൾ: അദാനി ട്രാൻസ്‌മിഷൻ, അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ, അദാനി പോർട്‌സ്, അദാനി പവർ, അദാനി വിൽമാർ, അംബുജ സിമന്റ്‌സ്, എ.സി.സി.