modi

ന്യൂയോർക്ക് : ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യു.എസിന്റേതടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ. വെള്ളിയാഴ്ച ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു മോദിയുടെ പരാമർശം.

മോദിയുടെ വാക്കുകളെ റഷ്യയ്ക്കെതിരെയുള്ള ആയുധമാക്കിയാണ് യു.എസ് മാദ്ധ്യമങ്ങൾ പ്രയോഗിക്കുന്നത്. ' യുക്രെയിൻ വിഷയത്തിൽ പുട്ടിനെ ശാസിച്ച് മോദി " എന്ന തരത്തിലെ തലക്കെട്ടുകളോടെയാണ് വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള യു.എസ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. മോദിയുടേത് അത്ഭുതകരമായ പരസ്യ വിമർശനമാണെന്നും പുട്ടിൻ എല്ലാ കോണുകളിൽ നിന്നും സമ്മർദ്ദത്തിന് വിധേയനാകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പുട്ടിനോട് നേരിട്ട് ഇത് തുറന്നു പറഞ്ഞതിലാണ് മോദിയെ മാദ്ധ്യമങ്ങൾ അഭിനന്ദിക്കുന്നത്.

അന്താരാഷ്ട്ര വേദികളിൽ റഷ്യയെ കുറ്റപ്പെടുത്താതെയും യുക്രെയിന് മാനുഷിക പിന്തുണ നൽകിയുമുള്ള നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ റഷ്യാ വിരുദ്ധ ചേരിയിലേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം, യുദ്ധത്തിന്റെ യുഗമല്ലെന്ന് മോദി പുട്ടിനെ ഓർപ്പിച്ചെങ്കിലും ഇന്ത്യയും റഷ്യയും ദശാബ്ദങ്ങളായി ഉറ്റ സുഹൃത്തുക്കളാണെന്നും ലോകത്തിന് അത് അറിയാമെന്നും മോദി പരാമർശിച്ചിരുന്നു.

എല്ലാ തലത്തിലും ഒരുമിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും ലോകത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞിരുന്നു. ഇതിലൂടെ റഷ്യയോടുള്ള സൗഹൃദം ലോകത്തെ ഓർമ്മിപ്പിച്ച മോദി റഷ്യയെ കുറ്റപ്പെടുത്താതെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അലയടിക്കുന്നതിന്റെ ആശങ്ക പുട്ടിനോട് വ്യക്തമായി തുറന്നു പറയുകയായിരുന്നു.

യുക്രെയിൻ സംഘർഷത്തിൽ ഇന്ത്യയെടുത്ത നിലപാടും ആശങ്കകളും തനിക്കറിയാമെന്നായിരുന്നു പുട്ടിന്റെ മറുപടി. എല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അതിന് പരമാവധി ശ്രമിക്കുമെന്നും പുട്ടിൻ സൂചിപ്പിച്ചിരുന്നു.

എതിർപക്ഷം ചർച്ച ഉപേക്ഷിച്ച് സൈനിക മാർഗം സ്വീകരിച്ചിരിക്കുകയാണെന്നും അത് തുടരുമെന്നും എന്നാൽ അവിടുത്തെ സംഭവവികാസങ്ങൾ ഇന്ത്യയെ അറിയിക്കുമെന്നും പുട്ടിൻ പറഞ്ഞിരുന്നു. മോദിയുടെ ജന്മദിനവും ഇന്ത്യ - റഷ്യ സൗഹൃദവും ഓർമ്മിച്ച പുട്ടിൻ മോദിയെ റഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.