maoist-roopesh

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ വീണ്ടും ചുമത്തണമെന്ന ആവശ്യവുമായി നൽകിയ ഹ‌ർജി പിൻവലിക്കാൻ സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ‍്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന ഹർജി നിരാകരിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി ഹമീദ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഹര്‍ജി കോടതി തിങ്കളാഴ്‌ച പരിഗണിക്കും

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി രൂപേഷിനെതിരെ സംസ്ഥാന സർക്കാർ ചുമത്തിയ യു എ പി എ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി പുനപരിശോധിക്കണം എന്ന ആവശ്യവുമായി സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് വിരുദ്ധമായ പുതിയ നിലപാടാണ് സ‌ർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. രൂപേഷിന് എതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യുഎപിഎ നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നടക്കം സർക്കാർ നേരത്തെ ഹ‌ർജിയിൽ വാദിച്ചിരുന്നു.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തു എന്നാരോപിച്ചാണ് 2013ൽ കുറ്റ്യാടി പൊലീസും 2014ൽ വളയം പൊലീസും രൂപേഷിനെതിരെ വിവിധ കേസുകളിൽ യു. എ.പി.എ ചുമത്തിയത്. ഇതിനെതിരെ രൂപേഷ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും യു. എ.പി.എ റദ്ദ് ചെയ്ത് വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്ക്ക് എതിരായാണ് സർക്കാർ മേൽക്കോടതിയെ സമീപിച്ചത്.

കരിനിയമങ്ങൾക്കെക്കെതിരെ പ്രതിഷേധാന്മക നിലപാട് പുലർത്തുന്ന സി.പി.എം ഭരണത്തിലുള്ള ഏക സംസ്ഥാന സർക്കാർ യുഎപിഎ ചുമത്താന്‍ സുപ്രീം കോടതി വരെയെത്തിയത് വിവാദമായിരുന്നു. അലൻ-താഹ യു എ പി എ വിഷയത്തിലും സർക്കാർ അയവില്ലാത്ത നിലപാടായിരുന്നു സ്വീകരിച്ചത്. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കണെമന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.