vijayan

കോഴിക്കോട്: മുതിർന്ന മാനസികാരോഗ്യ ചികിത്സാ വിദഗ്ദ്ധനും രണ്ടുപതിറ്റാണ്ട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടുമായിരുന്ന ഡോ.എൻ.വിജയൻ (93) നിര്യാതനായി. കൊല്ലം കണ്ടച്ചിറയിലാണ് ജനിച്ചതെങ്കിലും 50 വർഷമായി കോഴിക്കോടാണ് താമസം. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും ഇംഗ്ലണ്ടിൽ നിന്ന് മാനസികാരോഗ്യ ചികിത്സയിൽ ബിരുദാനന്തര ബിരുദവും നേടി. 1972ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു.1986ൽ വകുപ്പ് മേധാവിയും പ്രൊഫസറുമായി വിരമിച്ചു. വിരമിച്ച ശേഷവും എമിറേറ്റസ് പ്രൊഫസറായി തുടർന്നു.ആതുര സേവനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും അടുത്ത കാലം വരെ സജീവമായിരുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് , ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരള ഹൈക്കോടതിയിലെ ആദ്യ ഈഴവ ജഡ്ജിയായിരുന്ന പരേതനായ എൻ.കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അമ്മാവനാണ്. മക്കൾ: ഡോ.റോയ് വിജയൻ, രാജേഷ് വിജയൻ, റാണി.