ukraine

കീവ് : യുക്രെയിനിൽ ഖാർക്കീവിലെ ഇസിയം നഗരത്തിലെ പൈൻ മരക്കാട്ടിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽ സംസ്കരിക്കപ്പെട്ടവർ റഷ്യൻ സൈന്യത്തിന്റെ കടുത്ത ക്രൂരതകൾക്ക് ഇരയായി കൊല്ലപ്പെട്ടവരാണെന്നതിന്റെ സൂചനകൾ കണ്ടെത്തിയെന്ന് യുക്രെയിൻ.

നൂറുകണക്കിന് എമർജൻസി സർവീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് 440ലേറെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. ഇവരുടെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഏപ്രിലിൽ റഷ്യ പിടിച്ചെടുത്ത ഇസിയം മാസം ആദ്യമാണ് യുക്രെയിൻ തിരിച്ചുപിടിച്ചത്. ഇസിയത്തിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ നടത്തിയെന്നതിന്റെ തെളിവാണ് ഈ മൃതദേഹങ്ങൾ എന്ന് ഖാർക്കീവ് റീജിയണൽ പ്രോസിക്യൂട്ടർ ഒലെക്സാണ്ടർ ഇല്യൻകൊവ് ആരോപിച്ചു. ഇവിടെ കണ്ടെത്തിയ ഒരു സിവിലിയൻ മൃതദേഹത്തിന്റെ കഴുത്തിൽ കയർ കണ്ടെത്തിയെന്നും ശാരീരിക ഉപദ്രവങ്ങൾ ഏറ്റതിന്റെ അടയാളങ്ങൾ കണ്ടെത്തിയെന്നും ഇല്യൻകൊവ് പറയുന്നു. ചിലരുടെ കൈകൾ പിന്നിൽ കെട്ടിയ നിലയിലാണെന്നും റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലും ക്രൂരതകളിലും കൊല്ലപ്പെട്ട സിവിലിയൻമാരാണ് ഭൂരിഭാഗമെന്നും ഇല്യൻകൊവ് ആരോപിച്ചു. സ്ത്രീകളും കുട്ടികളും ഇതിൽപ്പെടുന്നു. ഒരു കുഴിയിൽ 20 ഓളം യുക്രെയിൻ സൈനികരെ കൂട്ടമായി സംസ്കരിച്ചിരുന്നു. ഒരു സെമിത്തേരിയ്ക്ക് സമീപത്താണ് കൂട്ടകുഴിമാടം കണ്ടെത്തിയിരിക്കുന്നത്. നിരനിരയായാണ് മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നത്. തടിയിൽ തീർത്ത കുരിശ് രൂപങ്ങൾ ഇവയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ചുരുക്കം ചിലതിൽ മരിച്ചവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തിയിരിക്കുന്നത്.