
ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യുവ ജനത ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്. യുവജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയ്ക്ക് കോൺഗ്രസ് ആയുരാരോഗ്യദൈർഘ്യം നേർന്നു.
ആശയപരമായും രാഷ്ട്രീയപരമായും മോദിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കോൺഗ്രസിനെതിരെയുള്ള മോദിയുടെ ശത്രുത ദിനംപ്രതി വർദ്ധിക്കുകയാണെങ്കിലും നമ്മുടെ പ്രധാനമന്ത്രിയുടെ 72-ാം പിറന്നാളിന് ആശംസകൾ നേരുന്നതായും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ജന്മദിനങ്ങൾ പ്രത്യേക ദിവസങ്ങളായാണ് ആഘോഷിക്കപ്പെടുന്നതെന്നും കുട്ടികൾക്ക് ജവഹർലാൽ നെഹ്രു നൽകിയ സ്നേഹത്തിന് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായും ഇന്ദിരാഗാന്ധിയുടെ പിറന്നാൾ സാമുദായിക ഐക്യദിനമായും രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായും ആഘോഷിക്കുന്നെന്നും എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.
അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം പോലും ഗുഡ് ഗവേണൻസ് ഡേയായി ആഘോഷിക്കുമ്പോൾ മോദിജിയുടെ ജന്മദിനം മാത്രം ഈ രാജ്യത്തെ യുവജനത ദേശീയ തൊഴിലില്ലായ്മാ ദിനമായി ആഘോഷിക്കുന്നത് തനിക്ക് ഏറെ വിഷമവും വേദനയും ഉണ്ടാക്കുന്നതായി സുപ്രിയ പരിഹസിച്ചു. ഇന്ത്യയിൽ തൊഴിൽ പ്രായമുള്ളവരിൽ 60 ശതമാനവും തൊഴിൽരഹിതരോ ജോലിചെയ്യാൻ താത്പര്യമില്ലാത്തവരോ ആണെന്നത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. വർഷത്തിൽ രണ്ട് കോടി തൊഴിലവസരങ്ങളാണ് മോദി വാഗ്ദാനം ചെയ്തതെങ്കിലും കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏഴ് ലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സ്ത്രീസമൂഹത്തെയാണ്.ഭരണം പൂർത്തിയാക്കാൻ രണ്ട് വർഷം കൂടിയുണ്ടെന്നും ചരിത്രപുരുഷന്മാർ പണികഴിപ്പിച്ച സ്മാരകസൗധങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി ചെയ്ത നല്ല പ്രവർത്തനങ്ങളിലൂടെയാണ് സ്മരിക്കപ്പെടേണ്ടതെന്ന് പ്രധാനമന്ത്രിയെ ഒാർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നതായും സുപ്രിയ പറഞ്ഞു.