
തൃശൂർ: ആർ എസ് എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവർത്തകൻ മണികണ്ന്‍റെ വീട്ടിൽ രാത്രി എട്ട് മണിയോടെയാണ്, അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടന്നത്. കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി മോഹൻ ഭഗവത് തൃശൂരിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ദിനം പ്രതി വാഗ്വാദങ്ങളിലേർപ്പെടുന്ന സാഹചര്യത്തിലാണ് ഗവർണർ മോഹൻ ഭഗവതുമായി ചർച്ചയിലേർപ്പെട്ടത്.
ഗവർണറുടെ വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകണമെന്ന് സിപിഎം നിലപാടെടുത്തിരുന്നു, ഇതിനിടയിലാണ് ആർ എസ് എസ് നേതാവുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്.
ഗവർണർ സ്ഥാനത്തിന് നിരക്കാത്ത തരത്തിൽ അപക്വമായ രീതിയിൽ പെരുമാറുന്നു എന്നും കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സർക്കാറിനെതിരായ ഗവർണറുടെ വിമർശനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രത്യാരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ അറിയിച്ചു. മുഖ്യമന്ത്രി തന്റെ ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നില്ലെന്നും താൻ അയക്കുന്ന കത്തുകൾക്കും ഫോൺ കോളുകൾക്കുമൊന്നും മറുപടി നൽകാറില്ലെന്നും സർക്കാർ കാര്യങ്ങൾ അറിയിക്കാൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ലെന്നും ഗവർണർ ആരോപിച്ചു. തന്നെ കാണാൻ മുഖ്യമന്ത്രിയ്‌ക്ക് പേടി എന്തിനാണെന്നും പിന്നിൽ നിന്നുളള യുദ്ധം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.