city

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റി വൂൾവ്‌സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി. ജയത്തോടെ പോയിന്റ് ടേബിളിൽ ആഴ്സ‌നലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും സിറ്റിക്കായി. ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാളണ്ട്. ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. 33-ാം മിനിട്ടിൽ ഗ്രീലിനെ അപകടകരമാം വിധി ചലഞ്ച് ചെയ്ത നാതാൻ കോള്ളിൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് വൂൾവ്‌സ് മത്സരം പൂർത്തിയാക്കിയത്. മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല 1-0ത്തിന് സതാംപ്ടണെയും ഫുൾഹാം 3-2ന് നോട്ടിംഗ് ഹാം ഫോറസ്റ്റിനെയും കീഴടക്കി.

ബയേണിനെ വീഴ്ത്തി ഔഗ്സ്ബർഗ്
മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗയിൽ നിലവിലെ ചാമ്പ്യൻനാരായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ഔഗ്സ്‌ബർഗാണ് ഏകപക്ഷീയമായ ഒരുഗോളിന് ബയേണിനെ അട്ടിമറിച്ചത്. 59-ാം മിനിട്ടിൽ മെർഗിം ബെറിഷയാണ് ഔഗ്സ്‌ബർഗിന്റെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ മൂന്ന് മതസരങ്ങളിലും സമിനിലയിൽ കുരുങ്ങിയ ബയേണിന് ബുണ്ടസ് ലിഗയിൽ 20 വർഷത്തിനിടെ ആദ്യമായാണ് തുടർച്ചയായ നാല് മത്സരങ്ങൾ വിജയമില്ലാതെ പൂർത്തിയാക്കുന്നത്. ലീഗിൽ 80 മത്സരത്തിന് ശേഷമാണ് ബയേൺ ഗോൾ നേടാതെ മത്സരം അവസാനിപ്പിക്കുന്നത്.