srk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡിന്റെ ഷാരൂഖ് ഖാൻ. "ഈ ദിവസം അവധിയെടുത്ത് ആസ്വദിക്കൂ, രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള താങ്കളുടെ സമർപ്പണം വളരെയധികം വിലമതിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ, ജന്മദിനാശംസകൾ " ഷാരൂഖ് ഖാൻ തന്റെ ട്വിറ്ററിലെ പിറന്നാൾ ആശംസയിൽ കുറിച്ചു. ഇന്ന് രാഷ്ട്രം പ്രധാനമന്ത്രിയുടെ 72-ാം പിറന്നാൾ ആഘോഷിക്കവേ ആയിരുന്നു സൂപ്പർതാരം ട്വീറ്റിലൂടെ പിറന്നാൾ ആശംസ അറിയിച്ചത്.

ഉസ്ബക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെ മദ്ധ്യപ്രദേശിൽ എത്തിയിരുന്നു. ചീറ്റപ്പുലികളെ ഇന്ത്യയിൽ പുനരവതരിപ്പിക്കാനുള്ള ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമായി പിറന്നാൾ ദിനത്തിലെ ചടങ്ങിൽ നമീബിയയിൽ നിന്നെത്തിച്ച ഒരു കൂട്ടം ചീറ്റകളെ അദ്ദേഹം കുനോ നാഷണൽ പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടിരുന്നു.രാജ്യത്തെ വന്യജീവികളെയും അവയുടെ ആവാസവ്യൂഹത്തെയും പുനരുജ്ജീവിപ്പിക്കാനും വൈവിദ്ധ്യവൽക്കരിക്കാനുമുള‌ള സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയും ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും എത്തിച്ചത്.