
ഒരു കുഞ്ഞ് ഏപ്രൺ അടക്കം ധരിച്ച പെൺകുട്ടി തന്റെ അമ്മയ്ക്കായി ഭക്ഷണം തയ്യാറാക്കി നൽകുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിലുള്ളവരുടെ മനസ്സ് കീഴടക്കുന്നത്. ഓഗസ്റ്റ് 29ന് 'നതാലി ആൻഡ് ബ്രൂണ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ പക്ഷേ ഇപ്പോഴാണ് വൈറലായിരിക്കുന്നത്. രണ്ട് വയസ്സുകാരിയായ നതാലിയാണ് വീഡിയോയിൽ അമ്മയ്ക്കായി ഭക്ഷണം പാകം ചെയ്തു നൽകുന്നത്. വൈറൽ വീഡിയോയുടെ തുടക്കത്തിൽ തന്നെ കുഞ്ഞ് നതാലി പച്ചക്കറികൾ അരിഞ്ഞ് ബോയിലറിലേക്ക് ഇടുന്നത് കാണാം. അതിനിടയിൽ അവൾ വെജിറ്റബിൾ ട്രേയിൽ വെച്ച കാരറ്റും കടിച്ചെടുക്കുന്നുണ്ട്. ചിക്കൻ തയ്യാറാക്കുന്നതിന് മുൻപ് ടിക്ടിക്ടിക് എന്ന് ചിക്കൻ മുറിക്കുന്ന ശബ്ദം അനുകരിക്കുന്ന കുഞ്ഞ്, കുട്ടിത്തത്തോടെ തന്നെ അരിയും ചച്ചക്കറികളും പാകം ചെയ്യുന്നുണ്ട്. ഒടുവിൽ രുചികരമായ ഭക്ഷണം അമ്മയോടൊത്ത് ഇരുന്ന് കഴിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
"എന്റെ രണ്ട് വയസ്സുകാരിയെ ഞാൻ ഭക്ഷണം പാചകം ചെയ്യാൻ അനുവദിച്ചു" എന്ന തലക്കെട്ടോടെ നതാലിയുടെ അമ്മയായ ബ്രൂണ ഫാവ പോസ്റ്റ് ചെയ്ത വീഡിയോ 3.6 മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കുഞ്ഞു നതാലിയുടെ പാചക മികവും പാചകത്തിനിടയിൽ എണ്ണ അമ്മയിൽ നിന്ന് ചോദിച്ച് വാങ്ങുന്നതുമെല്ലാം വീഡിയോ കണ്ടവരുടെ മനസ്സ് നിറച്ചിട്ടുണ്ട്. തങ്ങളുടെ ഇതിലും പ്രായമുള്ല മക്കളെ കൊണ്ട് ഒരു ബ്രഡ് ടോസ്റ്റ് ഉണ്ടാക്കാൻ തന്നെ പ്രയാസമാണെന്നും കമന്റിൽ ഒരാൾ കുറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രയപ്പെട്ട കുഞ്ഞ് ഷെഫ് എന്നാണ് പലരും ഇപ്പോൾ കുഞ്ഞ് നതാലിയെ വിശേഷിപ്പിക്കുന്നത്.