anuja

തിരുവനന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. വെമ്പായം വേറ്റിനാട് ശാന്തിമന്ദിരത്തിന് സമീപം ആളൊഴിഞ്ഞ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ മാസം 30ന് കാണാതായ വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നും പുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജയുടെ (26) മൃതദേഹമാണ് ഇന്നലെ വൈകിട്ടോടെ ഇരുപതടിയോളം ആഴമുള്ള കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

അനുജയെ കാണാതായ അന്നുതന്നെ ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് കിണറ്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം അനുജയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. അനുജ കാണാതാകുന്നതിന് മുൻപ് ചില സുഹൃത്തുക്കൾക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹമോചിതയായ അനുജയുടെ പുനർവിവാഹം ഈ മാസം മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു