
ഭോപ്പാൽ : ഇന്ത്യയുടെ വന്യജീവി സൗന്ദര്യത്തിന് അലങ്കാരമായി ആഫ്രിക്കൻ കരുത്തുമായി വന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നു വിട്ടിരുന്നു. ഈ ചടങ്ങിന് ശേഷം അദ്ദേഹം ചീറ്റ മിത്രങ്ങൾ എന്ന പേരിൽ ചീറ്റകളെ സംരക്ഷിക്കാനായി ഉണ്ടാക്കിയ കൂട്ടായ്മയോട് ചില കാര്യങ്ങൾ ആവശ്യപ്പെട്ടു. മാംസഭുക്കുകളായ ചീറ്റകളെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നും, മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.
ചീറ്റകൾ പുതിയ ആവാസ വ്യവസ്ഥയുമായി പരിചിതരായതിന് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കാവൂ എന്നും പുതിയ ആവാസ വ്യവസ്ഥയിലേക്ക് മാറുന്നതുവരെ താനടക്കമുള്ള ആരെയും കെഎൻപിക്കുള്ളിൽ പ്രവേശിപ്പിക്കരുതെന്നും മോദി ജീവനക്കാരോട് പറഞ്ഞു. 'ചീറ്റകൾക്ക് ആദ്യം അവയുടെ ചുറ്റുപാടുകളിലും പിന്നീട് കാട്ടിലും താമസിക്കാൻ സമയം ആവശ്യമാണെന്ന് നിങ്ങൾ അവരോട് പറഞ്ഞിരിക്കണം. രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ, എന്നെപ്പോലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ കടമയാണ്.' ചീറ്റ മിത്രങ്ങളോടായി പ്രധാനമന്ത്രി പറഞ്ഞു. പരിശീലനം നേടിയ 400 ഓളം പേരുടെ കൂട്ടായ്മയാണ് 'ചീറ്റ മിത്രങ്ങൾ'. ഇവരാണ് ചീറ്റകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കവേ സിംഹങ്ങളെ സംരക്ഷിക്കാൻ ഗ്രാമീണരെ ചേർത്ത് നിർത്തി പ്രവർത്തിച്ച അനുഭവവും മോദി പങ്കുവച്ചു.