mohanan

കോഴിക്കോട്: മെഡിക്കൽ കോളേജ് ആക്രമണക്കേസിൽ പൊലീസിനെതിരെ പോർമുഖം തുറന്ന് സിപിഎം. മെഡിക്കൽ കോളേജ് അക്രമ സംഭവത്തെ പാർട്ടി ന്യായീകരിക്കുന്നില്ലെന്നും നിയമപരമായ നടപടി വേണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും ജില്ലാ സെക്രട്ടറി പി. മോഹനൻ അറിയിച്ചു. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാൽ ചില ഉദ്യോഗസ്ഥർക്ക് സർക്കാർ നയം ഉൾക്കൊള‌ളാനാകുന്നില്ലെന്നും പി.മോഹനൻ വിമർശിച്ചു. സംഭവത്തിൽ നിരപരാധികളെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പൊലീസ് കമ്മീഷണർ അനാവശ്യമായി കേസിലിടപെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പി. മോഹനൻ വിമർശിച്ചു.

മെഡിക്കൽ കോളേജ് സംഭവത്തിൽ പ്രതിചേർത്തവരിൽ രണ്ടുപേരൊഴികെ മറ്റുള‌ളവർ അടുത്ത ദിവസം തന്നെ കീഴടങ്ങിയിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്‌ടറുടെ വീട്ടിലെത്തി പരിശോധിക്കുകയും പ്രതിചേർക്കപ്പെട്ടയാളുടെ ഗർഭിണിയായ ഭാര്യ പ്രസവിച്ചാൽ കുട്ടിയെ അച്ഛനെ കാണിക്കില്ല എന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് പി.മോഹനൻ ആരോപിച്ചത്. കേസിലെ പ്രതികളോട് രാജ്യദ്രോഹികളോടോ, ഭീകരവാദികളോടോ പോലെയൊക്കെയാണ് പൊലീസ് പെരുമാറുന്നത്. ഒരു പ്രതിയെയും സിപിഎമ്മോ, ഡിവൈഎഫ്‌ഐയോ ഒളിവിൽ പാർപ്പിച്ചിട്ടില്ലെന്നും രാഷ്‌ട്രീയ എതിരാളികളുടെ ചട്ടുകമായി ചില ഉദ്യോഗസ്ഥർ മാറിയെന്നും സിപിഎം ജില്ലാ സെക്രട്ടറി വിമർശിച്ചു.