
ജയ്‌പൂർ: ഹോംവർക്ക് പൂർത്തിയാക്കാത്തതിന്റെ പേരിൽ അദ്ധ്യാപകൻ ക്രൂരമായി തല്ലിയ ഒൻപതാം ക്ളാസുകാരൻ ആശുപത്രിയിൽ. രാജസ്ഥാനിലെ ബൊറുന്ദയിലാണ് സംഭവം. ഡോ.രാധാകൃഷ്ണൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ആകാശിനാണ് അദ്ധ്യാപകനായ രാം കരണിൽ നിന്ന് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ആകാശിനെ ജോധ്‌പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, പരാതിയിൽ പറയുന്നതുപോലുള്ള ഗുരുതര പരിക്കുകൾ കുട്ടിയ്ക്കില്ലെന്ന് പൊലീസ് പറയുന്നു.
അദ്ധ്യാപകൻ 15 തവണ തല്ലിയെന്നും നുള്ളിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇതിന്റെ അടയാളങ്ങൾ കുട്ടിയുടെ ശരീരത്തിലുണ്ട്. മർദ്ദനത്തിന് പിന്നാലെ കുട്ടിയെ ബന്ധു വീട്ടിലെത്തിക്കുകയായിരുന്നെന്നും തലയ്ക്കും ചെവിയിലും കഠിനമായ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതായും പിതാവ് ആരോപിച്ചു.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് സ്കൂൾ പ്രിൻസിപ്പാളിന്റെ മകൻ ആശുപത്രിയിലെത്തിയെന്നും പരാതി പിൻവലിക്കാൻനിർബന്ധിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി. അതേസമയം, വിദ്യാർത്ഥിയെ തല്ലിയില്ലെന്നും കുറച്ച് നേരം കൈ ഉയർത്തി നിർത്തുക മാത്രമാണ് ചെയ്തതെന്നും അദ്ധ്യാപകൻ പറഞ്ഞു.