
പത്തനംതിട്ട: യുവതിയുടെ കൈ ഭർത്താവ് വെട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചാവടിമല സ്വദേശി വിദ്യയെയാണ് ഭർത്താവ് സന്തോഷ് അഞ്ച് വയസുകാരനായ മകന്റെ കൺമുന്നിലിട്ട് ആക്രമിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് വിദ്യയെ ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വിദ്യയും സന്തോഷും ദീർഘനാളായി വേർപിരിഞ്ഞുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വിദ്യയുടെ വീട്ടിലെത്തിയ പ്രതി വടിവാൾ ഉപയോഗിച്ച് രണ്ട് കൈയിലും വെട്ടുകയായിരുന്നു. ഒരു കൈപ്പത്തി അറ്റുപോയി. വിദ്യയുടെ മുടിയും പ്രതി മുറിച്ചുമാറ്റി. തടയാനെത്തിയ യുവതിയുടെ പിതാവിനും മർദനമേറ്റു.
വിദ്യ ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി. ഇന്ന് രാവിലെയാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.