
ഹൃദയസ്തംഭനം നിമിത്തമുള്ള മരണങ്ങൾ കൂടുതലായും നാം അറിയുന്നത് രാവിലെയായിരിക്കും. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഈ വിഷയത്തിൽ ശാസ്ത്രീയമായ തെളിവുകൾ നിരത്തുകയാണ് വിദഗ്ദ്ധർ. പുലർച്ചെയുള്ള ഹൃദയസ്തംഭനങ്ങളുടെ ഉയർന്ന തോതാണ് ഈ വിഷയത്തിൽ പഠനങ്ങൾ നടത്താൻ വിദഗ്ദ്ധരെ പ്രേരിപ്പിച്ചത്.
കാരണം ഹോർമോൺ
അതിരാവിലെ ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുവാൻ കാരണം ശരീരത്തിൽ ഹോർമോണിന്റെ പ്രവർത്തനം നിമിത്തമാണ്. സൈറ്റോകൈൻ എന്ന ഹോർമോൺ ശരീരത്തിൽ ഉദ്പാദിപ്പിക്കുക പുലർച്ചെയാണ്. ഹൃദയസ്തംഭനത്തിന് ഒരു അളവുവരെ ചില ഹോർമോണുമായി ബന്ധമുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെയും ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനമനുസരിച്ച് അതിരാവിലെ ശരീരത്തിലെ പ്രവർത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്.
ദൈനംദിന ആവശ്യങ്ങൾ ചെയ്യുന്നത് നിയന്ത്രിക്കുന്ന ഒരു ബയോളജിക്കൽ ക്ലോക്ക് നമ്മുടെ ശരീരത്തിലുണ്ട്. പകൽ സമയത്ത് ശരീരം കൂടുതൽ കാര്യക്ഷമമായിരിക്കും, മുഴുവൻ ഊർജ്ജവും ഉപയോഗിക്കും. എന്നാൽ ഉറങ്ങുമ്പോൾ ശരീരം വിശ്രമാവസ്ഥയിലായിരിക്കും. അതിരാവിലെ വീണ്ടും ശരീരം പ്രവർത്തന സജ്ജമാക്കുന്നതിനായി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിക്കും. ഈ വർദ്ധനവ് പ്രഭാതത്തിൽ ഹൃദയ സിസ്റ്റത്തെ കൂടുതൽ പ്രവർത്തിപ്പിക്കുന്നു. ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ ഹൃദയത്തിലുണ്ടാവുന്ന പ്രവർത്തനങ്ങളാണ് അപകടാവസ്ഥയിലേക്ക് എത്തുന്നത്. ഈ സമയങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഉള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ളവർ, സ്ഥിരമായി പുകവലിക്കുന്നവർ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. എന്നാൽ പതിവിന് വിപരീതമായി ഇന്നത്തെ തലമുറയിൽ ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനുമുള്ള സാദ്ധ്യത കൂടുതലാണ്. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി, വർദ്ധിച്ച മാനസിക സമ്മർദ്ദം, അന്തരീക്ഷ മലിനീകരണം, കൃത്യമല്ലാത്ത ഉറക്ക ഉണർവ് ചക്രങ്ങൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയാണ് കാരണം.
ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും, അതിരാവിലെയുള്ള ഹൃദയസ്തംഭനത്തെ ചെറുക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ദിവസവും ഏഴ് മുതൽ എട്ടുവരെ ഉറങ്ങുകയും, സമ്മർദ്ദ രഹിതമായ ജീവിതം നയിക്കാനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. എഴുന്നേറ്റയുടൻ കഠിനമായ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യരുത്.