
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുളള ഇത്തവണത്തെ ഓണം ബമ്പർ ഗോർഗി ഭവനിൽ നറുക്കെടുത്തു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം 5 കോടി - നമ്പർ- TG 270912, മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്ക്.TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868. ഇതിൽ ടിഡി 545669 ടിക്കറ്റ് കോട്ടയത്തുനിന്നും വിറ്റതാണ്.
തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭഗവതി ഏജൻസിയിലെ തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. സെപ്‌തംബർ 17ന് പഴവങ്ങാടിയിലാണ് ഈ ടിക്കറ്റ് വിറ്റുപോയത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. മീനാക്ഷി ലക്കി സെന്ററാണ് ഈ ടിക്കറ്റ് വിറ്റത്. ഇവരുടെ പാലായിലെ ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്.
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഒന്നാം സമ്മാനം നറുക്കെടുത്തത്. ടിക്കറ്റിന് പിന്നിൽ ഒപ്പിടുന്നയാൾക്കാണ് സമ്മാനത്തിന് യോഗ്യത. 500 രൂപ വിലയുള്ള ഓണം ബമ്പറിന്റേത് റെക്കോർഡ് വിൽപ്പനായിരുന്നു. 67.5ലക്ഷം ടിക്കറ്റ് വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ വൈകിട്ട് ആറുവരെ 66.5ലക്ഷം ടിക്കറ്റും വിറ്റപോയി.കഴിഞ്ഞ വർഷം ഇത് 54 ലക്ഷമായിരുന്നു.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപ ജേതാവിന് ലഭിക്കും. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാംസമ്മാനം അഞ്ച് കോടിരൂപ ഒരാൾക്ക്. മൂന്നാംസമ്മാനം ഒരുകോടിരൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങൾ. ഒന്നാംസമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷംരൂപ വീതം ഒൻപത് പേർക്ക് സമാശ്വാസ സമ്മാനം ലഭിക്കും.
ലോട്ടറിയടിച്ചാൽ
സമ്മാനമടിക്കുന്ന ടിക്കറ്റിനുപിന്നിൽ പേരെഴുതി ഒപ്പിടണം. ഒപ്പിടുന്നയാൾക്ക് അവകാശം ഉന്നയിക്കാമെന്ന് ലോട്ടറിവകുപ്പ് പറയുന്നു. ഒന്നിലധികം പേരുണ്ടെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ നൽകാം. ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കിയാണ് നറുക്കെടുപ്പ്. നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ, ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫീസിൽ ഹാജരാക്കി സമ്മാനത്തുക വാങ്ങണം.
ഏജന്റുമാർക്ക്
1 മുതൽ 4 വരെ സമ്മാനം ലഭിച്ച ടിക്കറ്റുകൾ, സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് ടിക്കറ്റുകൾ വിറ്റ ഏജന്റിന് നൽകും. 5 മുതൽ 8 വരെ സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം ടിക്കറ്റ് വിറ്റ ഏജന്റിന് സർക്കാർ ഫണ്ടിൽ നിന്ന് നൽകും.പണം ഇവിടെ നിന്ന്5,000രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാം.അതിന് മുകളിൽ ഒരുലക്ഷം രൂപ വരെയുള്ളവ ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതലുള്ളവ കേരളലോട്ടറി ഡയറക്ടറേറ്റിൽ നിന്നും ബാങ്കുകളിൽ നിന്നും മാറ്റിയെടുക്കാം. ലോട്ടറിയടിക്കുന്നവർക്ക് പണം കൈകാര്യം ചെയ്യാൻ പരിശീലനം നൽകും.