
മൊഹാലി : അടുത്ത മാസം ആസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യയ്ക്ക് മുന്നിൽ ഇനിയുള്ളത് ആറ് മത്സരങ്ങൾ.അതിൽ ആദ്യ മൂന്നെണ്ണം ആസ്ട്രേലിയയ്ക്ക് എതിരെയാണ്. അവസാന മൂന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും. അത് കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ടെങ്കിലും ലോകകപ്പിനുള്ള ടീമിലെ പ്രമുഖർ അതിൽ ഉണ്ടാവില്ലെന്നാണ് സൂചന.
ആസ്ട്രേലിയയ്ക്ക് എതിരായ പരമ്പര നാളെ മൊഹാലിയിൽ തുടങ്ങുകയാണ്.ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ആസ്ട്രേലിയൻ ടീം കഴിഞ്ഞ ദിവസമേ മൊഹാലിയിൽ എത്തിക്കഴിഞ്ഞു. ഇന്നലെയോടെ രോഹിതും സംഘവും മത്സരവേദിയിലെത്തി പരിശീലനം നടത്തി.ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പ് എന്നതിനാെപ്പം ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്താകാതെ വന്നതിലുള്ള നിരാശയിൽ നിന്ന് മറികടക്കൽകൂടിയാണ് ഇന്ത്യ ഈ പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പിനായി ആസ്ട്രേലിയൻ മണ്ണിലേക്ക് പോകുന്നതിന് മുമ്പ് അവരുമായി ഒരു ഏറ്റുമുട്ടൽ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് ചിന്തിക്കുന്നുണ്ട്.
ഏഷ്യാകപ്പിന് ശേഷമാണ് ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്.അതിൽ അടിസ്ഥാനപരമായി വലിയ മാറ്റമില്ലാതെയാണ് ആസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകൾക്ക് ടീമിനെ നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പിനുള്ള അവസാനവട്ട തന്ത്രങ്ങൾക്ക് രൂപം നൽകേണ്ടത് ഈ പരമ്പരകളിലൂടെയാണ്.
ഇന്ത്യ Vs ആസ്ട്രേലിയ
1. സെപ്തംബർ 20 ചൊവ്വ
മൊഹാലി
2. സെപ്തംബർ 23 വെള്ളി
നാഗ്പുർ
3. സെപ്തംബർ 25 ഞായർ
ഹൈദരാബാദ്
ഇന്ത്യ Vs ദക്ഷിണാഫ്രിക്ക
1. സെപ്തംബർ 28 ബുധൻ
തിരുവനന്തപുരം
2.ഒക്ടോബർ 2 ഞായർ
ഗുവാഹത്തി
3.ഒക്ടോബർ 4 ചൊവ്വ
ഇൻഡോർ