arsenal

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ബ്രെന്റ്ഫോർഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്നിരുന്ന ആഴ്സനൽ രണ്ടാം പകുതിയിൽ ഒരു ഗോൾകൂടി നേടുകയായിരുന്നു. 17-ാം മിനിട്ടിൽ സലീബയാണ് ആഴ്സനലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 28-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് രണ്ടാം ഗോളും നേടി. 49-ാം മിനിട്ടിൽ ഫാബിയോ വിയേരയാണ് പട്ടിക പൂർത്തിയാക്കിയത്.

ഈ സീസണിലെ ഏഴുമത്സരങ്ങളിൽ ആഴ്സനലിന്റെ ആറാം വിജയമാണിത്. 18 പോയിന്റുമായാണ് മൈക്കേൽ ആർട്ടേറ്റയുടെ ശിഷ്യർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 17 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

മത്സരത്തിൽ 15വയസുള്ള നഥാൻ വനേരി ആഴ്നസലിനായി കളത്തിലിറങ്ങി ചരിത്രം സൃഷ്‌ടിച്ചു.പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വനേരി.

കഴിഞ്ഞരാത്രി നടന്ന മത്സരത്തൽ ടോട്ടൻഹാം രണ്ടിനെതിരെ ആറുഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. സീസണിൽ ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന സൺ മിൻ ഹ്യൂം ടോട്ടനത്തിനായി ഹാട്രിക് നേടി ഫോമിലേക്ക് തിരിച്ചെത്തി. ക്യാപ്ടൻ ഹാരി കേൻ,ഡയർ,ബെന്റാകുർ എന്നിവർ ഓരോ ഗോൾ നേടി. ഇതോടെ 17 പോയിന്റുമായി ടോട്ടൻഹാം പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.