
മലപ്പുറം: ഒന്നാം സമ്മാനം കിട്ടിയ നിർമ്മൽ ഭാഗ്യക്കുറി ടിക്കറ്റിന് കൂടുതൽ പണം വാഗ്ദാനം ചെയ്ത ശേഷം ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് അറസ്റ്റ്. അലനല്ലൂർ തിരുവിഴാംകുന്ന് മുജീബ്, പുൽപറ്റ കുന്നിക്കൽ പ്രഭാകരൻ, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലൂരിക്കൽ അബ്ദുൽ അസീസ്. അബ്ദുൽ ഗഫൂർ, കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ, കലസിയിൽ വീട്ടിൽ പ്രിൻസ്, ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ, പാലക്കാട് കരിമ്പുഴ സ്വദേശി മുബഷീർ എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നിർമ്മൽ ടിക്കറ്റിനാണ് അലവിക്ക് ഒന്നാംസമ്മാനം ലഭിച്ചത്. കൂടുതൽ പണം നൽകാമെന്ന വാഗ്ദാനവുമായി സ്വകാര്യ ബാങ്ക് ജീവനക്കാരനെന്ന വ്യാജേനയാണ് ഒരു സംഘം അലവിയെ സമീപിച്ചത്. ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടതനുസരിച്ച് അലവിയും മകനും സുഹൃത്തും കച്ചേരിപ്പടിയിലെത്തി. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന പറഞ്ഞ് ഇരുവരെയും വാഹനത്തിലേക്ക് കയറ്റി, മാരകമായി പരിക്കേൽപ്പിച്ചു. തുടർന്ന് ടിക്കറ്റുമായി സംഘം കടന്നുകളഞ്ഞു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനെന്ന് പറഞ്ഞാണ് സംഘം ഭാഗ്യക്കുറി ജേതാക്കളെ സമീപിച്ച് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.