
ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 ടിക്കറ്റ് വിൽപ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് വൈകിട്ട് 6.30ന് ഹോട്ടൽ താജ് വിവാന്തയിൽ ചലച്ചിത്രതാരം
സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ.കെ.വർഗീസ് അദ്ധ്യക്ഷനാകും. മത്സരത്തിന്റെ ടീസർ വിഡിയോയുടെ പ്രകാശനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ ആദരിക്കും.
മത്സരത്തിന്റെ ബാങ്കിങ് പാർട്ണറായ ഫെഡറൽ ബാങ്കുമായും ടിക്കറ്റിംഗ് പാർട്ണറായ പേ ടിഎം ഇൻസൈഡറുമായും മെഡിക്കൽ പാട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണാ പത്രങ്ങൾ ചടങ്ങിൽവച്ചു കൈമാറും. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത്.വി നായർ, ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് എസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
പൊതുജനങ്ങൾക്ക് ഇന്ന് രാത്രി 7.30 മുതൽ പേ ടിഎം ഇൻസൈഡറിന്റെ സൈറ്റിൽ നിന്ന് ടിക്കറ്റുകൾ സ്വന്തമാക്കാം.
കസേര കുറയും
40000ത്തോളം പേർക്ക് ഗ്രീൻഫീൽഡിൽ പ്രവേശിക്കാൻ കഴിയുമെന്നായിരുന്നു സംഘാടകരുടെ ആദ്യ പ്രതീക്ഷകൾ.എന്നാൽ ഗാലറിയിലെ കസേരകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ കാണികളുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. രണ്ടായിരത്തിലധികം കസേരകൾക്കാണ് കേടുപാട് സംഭവിച്ചിരിക്കുന്നത്. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്.