jacqueline-fernandez

ന്യൂഡൽഹി: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഡൽഹി പൊലീസ്. 200 കോടി രൂപയുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ജയിൽ വാസമനുഭവിക്കുന്ന സുഖേഷ് ചന്ദ്രശേഖറുമായി ബന്ധം വെളിപ്പെട്ടതിനെ തു‌‌ടർന്നാണ് ‌ഡൽഹി പൊലീസിന്റെ സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം നടിയെ ചോദ്യം ചെയ്ത് വരുന്നത്. നാളെ രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ജാക്വിലിൻ ഫെർണാണ്ടസിനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുഖേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തെ തുടർന്ന് ബോളിവുഡ് താരമായ നോറ ഫത്തേഹിയെയും ഡൽഹി പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കി ചന്ദ്രശേഖറുമായുള്ള ബന്ധം നോറ ഫത്തേഹി അവസാനിപ്പിച്ചിരുന്നു. ഇതിന് തയ്യാറാകാതെ ബന്ധം തുടർന്നതാണ് ജാക്വിലിനെ ഡൽഹി പൊലീസിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്. കഴിഞ്ഞ ബുധനാഴ്ച 8 മണിക്കൂറോളം താരത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.

20 ആഭരണങ്ങളും 65 ജോഡി ഷൂസും 32 ബാഗുകളുമടക്കം 7.12 കോടി രൂപ സുഖേഷ് ചന്ദ്രശേഖർ ജാക്വിലിന് നൽകിയതായാണ് ഡൽഹി പൊലീസ് ഭാഷ്യം.