
ബീജിംഗ് : ചൈനയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ചോങ്‌ക്വിംഗ് നഗരത്തിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡ് ക്വാറന്റൈനിൽ കഴിയവെയാണ് ഇയാളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഇയാളുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞാഴ്ച ഹോങ്കോങ്ങിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നു.
അതേ സമയം, വിദേശികളെയും അടുത്തിടെ വിദേശത്ത് നിന്നെത്തിയവരെയും സ്പർശിക്കാൻ പാടില്ലെന്ന് ചൈനയിലെ ഉന്നത സാംക്രമിക രോഗ വിദഗ്ദ്ധൻ വൂ സുൻയൂ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് വിവാദമായി. വൂവിന്റേത് വംശീയവും വിവേചനപരവുമായ പരാമർശമാണെന്ന് ആരോപിച്ച് നിരവധി പേർ ചൈനീസ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
നിലവിൽ യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക് പ്രകാരം 104 രാജ്യങ്ങളിലായി 61,282 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 60,703 കേസുകൾ ആഫ്രിക്കയ്ക്ക് പുറത്തുള്ള 97 രാജ്യങ്ങളിലാണ്. കോംഗോ, നൈജീരിയ ഉൾപ്പെടെ 7 ആഫ്രിക്കൻ രാജ്യങ്ങളിലായി 579 കേസുകളുണ്ട്.