flying-car

1982ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ ബ്ളേഡ് റണ്ണറിലടക്കം അന്തരീക്ഷത്തിലൂടെ ഉയർന്ന് പറക്കുന്ന കാറുകൾ കണ്ട് നമ്മൾ അമ്പരന്നിട്ടുണ്ട്. സയൻസ് ഫിക്ഷൻ സിനിമകളിലും നോവലുകളിലും മാത്രം കണ്ട് പരിചയമുള്ള പറക്കുന്ന കാറുകൾ ഉടനെ തന്നെ നിരത്തുകളിൽ കാണാനാകും എന്ന പ്രത്യാശ നൽകുന്നതാണ് ചൈനയിൽ നിന്ന് വരുന്ന പുതിയ വാർത്ത. ചൈനീസ് വാർത്ത ഏജൻസി പുറത്തുവിട്ട വാർത്ത പ്രകാരം സിച്വാൻ പ്രവിശ്യയിലെ ജിയാഓടോങ് യൂണിവേഴ്സിറ്റി കഴിഞ്ഞ ആഴ്ച നടത്തിയ പരീക്ഷണത്തിൽ കാന്തിക ശക്തി ഉപയോഗിച്ച് തറയിൽ നിന്ന് കാറുകളെ 35 മില്ലി മീറ്ററോളം ഉയർത്തി സഞ്ചരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പരീക്ഷണത്തിന്റെ ഭാഗമായി അടിയിൽ ശക്തമായ കാന്തങ്ങൾ ഘടിപ്പിച്ച എട്ട് കാറുകൾ പ്രത്യേകമായി തയ്യാറാക്കിയ കാന്തിക മണ്ഡലമുള്ള പാതയ്ക്ക് മുകളിലൂടെ ഓടിച്ചു നോക്കുകയായിരുന്നു. ഇതിൽ ഒരു കാർ മണിക്കൂറിൽ 230 കിലോ മീറ്റർ ദൂരം സഞ്ചരിക്കുകയുണ്ടായി. പരീക്ഷണത്തെക്കുറിച്ച് ചൈനീസ് മാദ്ധ്യമ പ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു കാർ ഇടയ്ക്കിടയ്ക്ക് വായുവിൽ ചെറുതായി ഉയർന്ന് പൊങ്ങി സഞ്ചരിക്കുന്നതായി കാണാം. പരീക്ഷണത്തിനായി എട്ട് കിലോ മീറ്ററോളം നീളത്തിൽ കാന്തിക ശക്തിയുള്ള റെയിൽ പാത റോഡിൽ ഘടിപ്പിച്ചിരുന്നു.

A #maglev vehicle technology test saw a 2.8-tonne car float 35 millimeters above the road and run on a highway in #Jiangsu, east China. A permanent magnet array was installed for levitation. pic.twitter.com/7vWc8TvJpn

— QinduoXu (@QinduoXu) September 12, 2022

അമിത വേഗതയിലെ ഡ്രൈവിംഗിനിടയിലെ സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ചുള്ല ഗതാഗത വകുപ്പിന്റെ ഗവേഷണത്തിനിടയിലാണ് മാഗ്നെറ്റിക് ലെവിറ്റേഷൻ (മാഗ്-ലെവ്) ഉപയോഗിച്ചുള്ല പറക്കും കാറുകളും പരീക്ഷിക്കപ്പെട്ടത്. 1980 മുതൽ മാഗ്നെറ്റിക് ലെവിറ്റേഷൻ ടെക്നോളജി ബുള്ളറ്റ് ട്രെയിനുകളിൽ ഉപയോഗിക്കുന്നുണ്ട്. മണിക്കൂറിൽ 600 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന മാഗ്-ലെവ് ബുള്ളറ്റ് ട്രെയിൻ കഴിഞ്ഞ വർഷം ചൈനയിൽ ഉപയോഗത്തിൽ വന്നിരുന്നു. പറക്കും കാറുകൾ ഗതാഗതയോഗ്യമാകുന്നതിന് പുതിയ പരീക്ഷണം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പലരും.