
കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ട സന്തോഷത്തിലാണ് വേട്ടുതറ സ്വദേശിനി തേജ. അദ്ദേഹത്തെ കാണുക മാത്രമല്ല, കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. ചിത്രം അയച്ചുതരുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുപറഞ്ഞിരുന്നു. പന്ത്രണ്ടാം ക്ലാസുകാരി തേജയുടെ വാട്‌സാപ്പിൽ ആ ചിത്രമെത്തിയിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നീണ്ടകരയിലൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കടന്നു പോയത്. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തേജയും സഹോദരൻ അശ്വിനും എത്തിയിരുന്നു. പൊലീസ് ജീപ്പിന്റെ അകമ്പടിയോടെ രാഹുൽ പോകുന്നത് കാണുകയും ചെയ്തു.
തുടർന്ന് തേജയും അശ്വിനും ജാഥയുടെ ഏറ്റവും പിന്നിലായി നടത്തം തുടങ്ങി. ശേഷം ഓടി രാഹുലിന്റെ ഒപ്പം എത്തി. പിന്നിൽ നിന്ന് ആരോ തള്ളിയതോടെ സുരക്ഷാവലയം കടന്ന് തേജ രാഹുലിന്റെ തൊട്ടു പിന്നിലെത്തി. രാഹുൽ ജി എന്ന വിളി കേട്ട് അദ്ദേഹം തിരിഞ്ഞുനോക്കുകയും, കൂടെ നടക്കാനായി ക്ഷണിക്കുകയും ചെയ്തു.
ഒപ്പം നടക്കുമ്പോൾ പഠനത്തെക്കുറിച്ചായിരുന്നു രാഹുൽ ഗാന്ധി തേജയോട് ചോദിച്ചത്. ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിച്ച് തേജ ഫോൺ എടുത്തപ്പോൾ, ക്യാമറയിൽ എടുക്കാമെന്നും, നമ്പർ കൊടുത്താൽ ഫോട്ടോഗ്രാഫർ അയച്ചുതരുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. ശനിയാഴ്ച വൈകുന്നേരമാണ് തേജയ്ക്ക് ഫോട്ടോ ലഭിച്ചത്.