
പ്രായം കൂടുന്നതനുസരിച്ച് അസുഖവും മറ്റ് ശാരീരിക പ്രശ്നങ്ങളും കാരണം വീട്ടിലെ കാര്യങ്ങൾ നോക്കിയിരിക്കുന്നവരാണ് പലരും. എന്നാൽ തന്റെ 60-ാം വയസിൽ 48 നില കെട്ടിടത്തിൽ സ്പൈഡർ മാനെ പോലെ വലിഞ്ഞുകയറിയിരിക്കുകയാണ് അലൈൻ റോബർട്ട് എന്ന പാരീസുകാരൻ. കയറുപോലും ഇല്ലാതെയാണ് അദ്ദേഹം കെട്ടിടത്തിൽ വലിഞ്ഞുകയറിയത്.
167 മീറ്റർ ഉയരമുള്ള ടൂർ ടോട്ടൽ കെട്ടിടമാണ് അലൈൻ കയറിയത്. കെട്ടിടം കയറി മുകളിലെത്തിയതോടെ അവിടെ നിന്നും കൈകൾ ഉയർത്തി തന്റെ വിജയം എല്ലാവരെയും അറിയിക്കുകയും ചെയ്തു അദ്ദേഹം. '60 എന്നത് ഒരു വയസല്ല, ഏതു പ്രായത്തിലും നമുക്ക് എന്തും ചെയ്യാം. കായികപരമായ കാര്യങ്ങൾ ചെയ്യാം, മനോഹരമായി ജീവിക്കാം. ഇതെല്ലാം മറ്റുള്ളവർക്ക് മനസിലാക്കിക്കൊടുക്കാനാണ് ഞാനിത് ചെയ്തത്. 60 വയസ് എന്നത് ഫ്രാൻസിലെ വിരമിക്കൽ പ്രായമാണ്. അതുകൊണ്ട് ഈ പ്രായത്തിൽ തന്നെ ഇങ്ങനെ ചെയ്യണമെന്ന് നേരത്തേ തീരുമാനിച്ചത്.'- അലൈൻ പറഞ്ഞു.
ഇതിന് മുമ്പും പലതവണ അലൈൻ ഈ കെട്ടിടത്തിന് മുകളിൽ ഇതുപോലെ കയറിയിട്ടുണ്ട്. 1975ലാണ് അലൈൻ ക്ലൈംബിംഗ് ആരംഭിച്ചത്. 1977ൽ സോളോ ക്ലൈംബിംഗ് തുടങ്ങി. ലോകമെമ്പാടുമുള്ള 150ഓളം കെട്ടിടങ്ങളിൽ അലൈൻ ഇതുപോലെ കയറിയിട്ടുണ്ട്. അതിൽ ദുബായിയിലെ ബുർജ് ഖലീഫയും ഉൾപ്പെടുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് അലൈനിന്റെ ഈ സാഹസികത.