
കൊച്ചി: പുതിയ കാറുകൾക്കെന്ന പോലെ ഇന്ത്യ പഴയ കാറുകൾക്കും വലിയ പ്രതീക്ഷകളുള്ള വിപണിയായി മുന്നേറുന്നു. 2026-27 വരെയുള്ള വിലയിരുത്തൽപ്രകാരം ഇന്ത്യയിലെ യൂസ്ഡ് കാർ വിപണി പ്രതിവർഷം ശരാശരി 19.5 ശതമാനം വളർച്ചയുമായി കുതിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം.
ചെറു നഗരങ്ങളിൽ വാർഷിക വളർച്ച 2026 വരെ പ്രതീക്ഷിക്കുന്നത് 30 ശതമാനം. രാജ്യത്തെ ഏറ്റവും വലിയ 40 നഗരങ്ങളിലെ വളർച്ച ഇക്കാലയളവിൽ 10 ശതമാനമായിരിക്കും.
സർട്ടിഫൈഡ് കാറുകളുടെ ലഭ്യത, ഉയർന്ന വരുമാനവർദ്ധന മൂലം ഒട്ടുമിക്കവരും ചെറിയ കാലയളവിനുള്ളിൽ തന്നെ പഴയത് വിറ്റ് പുതിയവയിലേക്ക് ചേക്കേറുന്നതുവഴി വാഹനങ്ങളുടെ (പ്രത്യേകിച്ച് ടൂവീലറുകളുടെ) ഉപയോഗകാലയളവിലെ കുറവ്, ചെറിയ ഇടവേളകളിൽ തന്നെ പുതിയ വാഹനങ്ങളുടെ വിപണിപ്രവേശം, ബൈബാക്ക് ആനുകൂല്യങ്ങൾ, ഈരംഗത്ത് കൂടുതൽ പ്രമുഖ കമ്പനികളുടെ ആഗമനം എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് യൂസ്ഡ് വാഹനവിപണിക്ക് കരുത്താകുന്നത്.
2021 22ൽ 35 ലക്ഷം യൂസ്ഡ് കാറുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. ഇത് സർവകാല റെക്കാഡാണ്. കഴിഞ്ഞ സാമ്പത്തികവർഷം ലോകത്താകെ വിറ്റഴിഞ്ഞ യൂസ്ഡ് കാറുകൾ നാലുകോടിയായിരുന്നു.
നേരത്തെ, അസംഘടിത മേഖലയിലായിരുന്നു ഇന്ത്യൻ യൂസ്ഡ് കാർ വില്പനയുടെ മുന്തിയപങ്കും നടന്നിരുന്നത്. നിലവിൽ വിദേശ വാഹന നിർമ്മാണ കമ്പനികളടക്കം ഈ രംഗത്തേക്ക് കടന്നുവന്നത് ഉപഭോക്തൃവിശ്വാസം വർദ്ധിക്കാനും വിപണികുതിക്കാനും സഹായിച്ചിട്ടുണ്ട്.