modeling

മോഡലിംഗ് എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരാണ് നമ്മുടെ നാട്ടിലുള്ളതിൽ കൂടുതലും. എന്നാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര നിസാരമായി തള്ളിക്കളയേണ്ട തൊഴിൽ മേഖലയല്ലയിത്. ഒരു ബ്രാന്റിന്റെ ഷൂട്ടിൽ നിന്ന് തന്നെ ഒരു മോഡൽ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. കൂടാതെ പ്രശസ്തി നേടിത്തരുമെന്നതും മോഡലിംഗ് രംഗത്തിന്റെ മേന്മയാണ്.

റിക്കി ചാറ്റർജി, സൊണാലിക സഹായ്, ലക്ഷ്മി റാണ, അർച്ചന അഖിൽ കുമാർ എന്നിവരാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്ത്രീ മോഡലുകൾ. പുരുഷ മോഡലുകളിൽ വിവേക് ​​ധിമാൻ, ബർദീപ് ധിമാൻ, നിതിൻ ഗുപ്ത, ഗൗരവ് ചൗധരി, വൈഭവ് ആനന്ദ് എന്നിവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു മോഡലിംഗ് ഏജൻസി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല മോഡലുകളും ക്യാമ്പയിനുകളിലൂടെയും ഡിസൈനർ ഷൂട്ടുകളിലൂടെയും മൂന്ന് മുതൽ മൂന്നര ലക്ഷം വരെയാണ് സമ്പാദിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ സ്ഥാനമുറപ്പിക്കാനുള്ള ബ്രാന്റുകളുടെ ശ്രമം മോഡലുകളുടെ പ്രസക്തി വർദ്ധിക്കുന്നതിന് കാരണമായി. പുതിയ മോഡലുകൾക്ക് പോലും ഓരോ മാസവും പ്രതിഫലമായി ലഭിക്കുന്നത് ലക്ഷങ്ങളാണ്. മാറിവരുന്ന ഫാഷൻ ട്രെൻഡുകൾ ഏത് പ്രായക്കാരെയും സ്വാധീനിക്കുന്നതുകൊണ്ട് താൽപ്പര്യമുള്ള ആർക്കും മോഡലിംഗ് രംഗത്തേക്ക് എത്താവുന്നതാണ്. ഇൻസ്റ്റഗ്രാമും മോഡലിംഗിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പരസ്യത്തിനായി ഷൂട്ട് നടത്തിയിരുന്ന ബ്രാൻഡുകൾ ഇപ്പോൾ മാസത്തിൽ ഒരു ഷൂട്ടെങ്കിലും നടത്താറുണ്ട്. ഇതും മോഡലുകളുടെ വരുമാനം കൂടുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഒരു പുരുഷ മോഡലിന്റെ പ്രതിവർഷ ശരാശരി വരുമാനം 30 ലക്ഷം രൂപയും സ്ത്രീ മോഡലുകൾക്ക് 40 ലക്ഷം രൂപയുമാണ്. ഇത് പല ഉയർന്ന ജോലികളിൽ നിന്ന് കിട്ടുന്ന വരുമാനത്തേക്കാളും കൂടുതലാണ്. കൂടാതെ റാംപ് ഷോകളിൽ പുരുഷ മോഡലുകൾക്ക് ഏഴ് മുതൽ പതിനായിരം വരെയും സ്ത്രീകൾക്ക് പതിനഞ്ച് മുതൽ ഇരുപതിനായിരം വരെയുമാണ് ലഭിക്കുന്നത്. എന്നാൽ പ്രമുഖ മോഡലുകൾക്ക് റാംപ് ഷോകളിൽ പങ്കെടുക്കുന്നതിന് മൂന്ന് ലക്ഷം രൂപയോളം ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ ബ്രാൻഡായ സബ്യസാച്ചി അവരുടെ പരസ്യചിത്രത്തിൽ എത്തുന്ന മോഡലുകൾക്ക് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ പ്രതിഫലമായി നൽകുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത് അനിത ഡോംഗ്രെയാണ്. അവരുടെ ചിത്രീകരണത്തിനായി എത്തുന്ന മോഡലുകൾക്ക് രണ്ട് ലക്ഷം രൂപയാണ് ഒരു ദിവസത്തെ പ്രതിഫലമായി നൽകുന്നത്.

സ്റ്റൈലിസ്റ്റുകളെയും ഫാഷൻ ഫോട്ടോഗ്രാഫർമാരെക്കാളും കൂടുതൽ സമ്പാദിക്കുന്നത് മോഡലുകളാണ്. അതിനാൽ തന്നെ മോഡലിംഗിനെ പറ്റി മോശം പറയുന്നതും ജോലിയാക്കാൻ പറ്റില്ലെന്ന് പറയുന്നവരും ഇതിനെ പറ്റി വ്യക്തമായ ധാരണയില്ലാത്തവരാണ്.