
കൊച്ചി: പൊലീസ് ഉദ്യാഗസ്ഥരെ ആക്രമിച്ച കേസിൽ തടവിലായ ഇടതുപക്ഷ സൈബർ പോരാളി പി.കെ സുരേഷിന് കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേഷിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് അന്വേഷിക്കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിൽ എത്തിയ പ്രതി പൊലീസ് ഉദ്യേഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും, ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്ററെ കഴുത്തിന് കുത്തി പിടിച്ച് ശാരീരികമായി ആക്രമിച്ചുമെന്നുമാണ് കേസ്.
എന്നാൽ ആലുവ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥർ പി.കെ.സുരേഷിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നാണ് ഇടത് അനുഭാവ സൈബർ ഗ്രൂപ്പുകൾ അടക്കം ആരോപിക്കുന്നത്. സംഭവത്തത്തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കം അഞ്ച് വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ സുരേഷിനെ റിമാൻഡ് ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പൊലീസ് ഡി.വൈ. എഫ്. ഐ പ്രവർത്തകരെ വേട്ടയാടുന്നു എന്ന സി.പി.എം ആരോപണത്തിന്റെ ചുവടുപിടിച്ച് എറണാകുളം സ്വദേശിയായ പികെ സുരേഷിന്റെ കേസും സൈബർ പോരാളികൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരാൻ കാരണമായിരുന്നു.