anusmaranam

കോഴിക്കോട്: കേരളത്തിൽ പത്രാധിപരെന്ന വാക്കിന്റെ പര്യായമാണ് കെ. സുകുമാരനെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. രാജവാഴ്ചയ്ക്കും ജന്മിത്വത്തിനുമെതിരെ അടിയാളൻമാരുടെ നീതിക്കായി പോരാടിയ പത്രാധിപരെ പുതിയ കാലത്തെ മാദ്ധ്യമ ലോകം മാതൃകയാക്കേണ്ടതാണെന്നും പത്രാധിപർ കെ. സുകുമാരന്റെ 41-ാമത് ചരമവാർഷിക അനുസ്മരണ യോഗവും അവാർഡ് ദാനവും ചേളന്നൂർ എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെയും ജാതിയിൽ താഴ്ന്നവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും അവർക്കുള്ള സംവരണം ഉറപ്പാക്കാനും കേരളകൗമുദിയെ പടവാളാക്കിയ കെ. സുകുമാരന്റെ ജീവിതം പുതിയ കാലത്തിന്റെ പാഠപുസ്തകമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ ചേളന്നൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.പി കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി അഡ്വ.മഞ്ചേരി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ മുഖ്യാതിഥിയായി.
പത്രാധിപർ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം കേരളകൗമുദി കുന്ദമംഗലം ലേഖകൻ രവീന്ദ്രൻ കുന്ദമംഗലത്തിന് മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മാനിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും എസ്.എൻ.കോളേജ് അറബിക് വിഭാഗം ഹെഡ് ഡോ.ടി.പി.ജസീന നന്ദിയും പറഞ്ഞു. അദ്ധ്യാപിക ഡോ.പി.യു. മേഘ പ്രാർത്ഥനാഗാനം ആലപിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ പങ്കെടുത്തു.