federal
ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡുമായി​ ഫെഡറൽ ബാങ്ക്

കൊച്ചി: കർഷകർക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. റിസർവ് ബാങ്കിന്റെ പിന്തുണയോടെ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് വികസിപ്പിച്ച സംവിധാനം തമിഴ്‌നാട് സർക്കാരുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഗ്രാമീണ സാമ്പത്തിക സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഫെഡറൽ ബാങ്കിനെ പങ്കാളിയാക്കി നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതി​ന്റെ ആദ്യഘട്ടമായാണ് ഫെഡറൽ ബാങ്ക് കർഷകർക്കായി ഇൻസ്റ്റന്റ് കെ.സി.സി അവതരിപ്പിച്ചത്. ചെറുകിട കർഷകർക്കും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്കും ചെറിയ തുകയുടെ വായ്പകളാണ് പദ്ധതിയിലൂടെ ലഭ്യമാക്കുക. കാർഷിക വായ്പാ രംഗത്ത് ഇത്തരത്തിലുള്ള ആദ്യ ഡിജിറ്റൽ വായ്പാ പദ്ധതിയാണിത്. പരമ്പരാഗത ബാങ്ക് വായ്പാ സംവിധാനങ്ങളേക്കാൾ സൗകര്യപ്രദവും അതിവേഗം ലഭിക്കുന്നതുമാണ് ഇൻസ്റ്റന്റ് കെസിസി വായ്പകൾ.

'ഗ്രാമീണ വായ്പകൾ സാമ്പത്തിക വളർച്ചയുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിലാണ് പ്രാരംഭഘട്ടമെന്ന നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഡിജിറ്റലൈസേഷൻ പദ്ധതിക്ക് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് തുടക്കമിട്ടത്. തമിഴ്‌നാട്ടിൽ ഫെഡറൽ ബാങ്ക് ഈ പദ്ധതി ആരംഭിക്കുന്നതോടെ കർഷകർക്ക് ഏറ്റവും വേഗത്തിൽ ലളിതമായി വായ്പകൾ ലഭ്യമാക്കാനുള്ള അവസരങ്ങൾ തുറന്നിരിക്കുകയാണ്. പദ്ധതി വിജയകരമാകുന്നതോടെ രാജ്യത്തുടനീളം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് സി.ഇ.ഒ രാജേഷ് ബൻസൽ പറഞ്ഞു.

റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരം റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബുമായും തമിഴ്‌നാട് സർക്കാരുമായും ചേർന്ന് അവതരിപ്പിച്ച ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് പദ്ധതിയിലൂടെ കർഷകരുടെ വായ്പാ ആവശ്യങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയൊരു പരിഹാരം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അതിവേഗത്തിൽ വായ്പകൾ ലഭ്യമാക്കുന്ന തലത്തിലേക്ക് സംഘടിത ബാങ്കിംഗ് സംവിധാനത്തെ മാറ്റുന്നതാണ് പദ്ധതിയെന്ന് ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.