
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിലാപയാത്രയ്ക്ക് സാക്ഷിയാകാനെത്തിയവരടങ്ങുന്ന ജനസാഗരത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. നാട് നീങ്ങിയ എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള യാത്ര ലണ്ടന്റെ തെരുവുകളിൽ വലിയൊരു ജനാവലി തന്നെയാണ് സൃഷ്ടിച്ചത്. വിൻഡ്‌സർ കൊട്ടാരത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര കാണുവാനും ദൃശ്യങ്ങൾ പകർത്താനുമെത്തിയവരുടെ നീണ്ട നിര തന്നെ ഇപ്പോൾ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. ദീർഘകാലം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് തുടർന്ന എലിസബത്ത് രാജ്ഞിയെ അവസാനമായി കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് സെൻട്രൽ ലണ്ടന്റെ വീഥികളിൽ തടിച്ച് കൂടിയത്.നാലുദിവസമായി നീണ്ട പൊതുദർശനം രാവിലെ 6.30 -ന് അവസാനിച്ചപ്പോഴും ആളുകളുടെ തിരക്കിന് ഏതൊരു ശമനവും ഉണ്ടായിരുന്നില്ല.

ദിവസങ്ങൾ നീണ്ട ദുഃഖാചരണത്തിന് അവസാനമിട്ടു കൊണ്ട് തിങ്കളാഴ്തയാണ് എലിസബത്ത് രാജ്ഞിയെ വിൻഡ്‌സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ രാജകീയമായി സംസ്കരിച്ചത്.

എലിസബത്ത് രാജ്ഞി ധരിച്ചിരുന്ന 1953ൽ അലംകൃതമായ കിരീടവും ചെങ്കോലും ഭൗതിക ശരീരത്തിൽ നിന്നും നീക്കം ചെയ്തതോടെ രണ്ടാം എലിസബത്ത് യുഗത്തിന് ഔദ്യോഗികമായ തിരശീല വീണു.
