jayssanker

ന്യൂയോർക്ക്: പതിനൊന്ന് ദിവസത്തെ യു.എസ് സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ന്യൂയോർക്കിൽ എത്തി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ രുചിര കാംബോജ് ജയശങ്കറിനെ സ്വീകരിച്ചു. ഇന്ന് ആരംഭിക്കുന്ന യു.എൻ ഉന്നതതലഅസംബ്ളി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനൊപ്പം ക്വാഡ്, ബ്രിക്സ്, ഐ.ബി.എസ്.എ യോഗങ്ങളിലും ഇന്ത്യ - ഫ്രാൻസ് - ആസ്ട്രേലിയ, ഇന്ത്യ - ഫ്രാൻസ് - യു.എ.ഇ, ഇന്ത്യ - ഇന്തോനേഷ്യ - ആസ്ട്രേലിയ തുടങ്ങിയ ത്രിരാഷ്ട്ര യോഗങ്ങളിലും ഉൾപ്പെടെ 50 ഒാളം യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

തന്ത്രപ്രധാനമായ മേഖലകളിൽ ബന്ധം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയശങ്കർ എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രിയെന്ന നിലയിൽ യു.എൻ അസംബ്ളിയിൽ ആദ്യമാണ് ജയശങ്കർ എത്തുന്നത്. ലാറ്റിൻ അമേിക്കൻ-കരീബിയൻ (സിലാക്) ഗ്രൂപ്പുകളുടെ യോഗത്തിലാണ് ഇന്നലെ ആദ്യം പങ്കെടുത്തത്. അർജന്റീന, ഗ്വാട്ടിമാല, കൊളംബിയ ആൻഡ് ട്രിനിഡാഡ്, ടൊബാഗോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊവിഡാനന്തര സാമ്പത്തിക തിരിച്ചുവരവ് കൂടാതെ വാക്സിൻ ഉത്പാദനം, ഭക്ഷണ-ഉൗർജ്ജ സുരക്ഷ, കൃഷി, വ്യാപാരം, ആരോഗ്യം, പരാമ്പരാഗത മരുന്നുകൾ, ചരക്ക് ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

കൂടാതെ യു.എന്നിലും മറ്റ് സഭകളിലും നിലനിൽക്കുന്ന വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു.