stadium-

തിരുവനന്തപുരം:കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ച രീതിയിൽ സംരക്ഷിച്ച് കായിക വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് പോലുള്ള വലിയ കായിക മത്സരങ്ങൾക്ക് വേദിയൊരുക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണെപ്പോലെ പ്രതിഭയുള്ള താരങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കഴിവ് തെളിയിച്ച് റിസൾട്ട് കാട്ടിക്കൊടുത്തിട്ടും തഴയുന്നതാണ് പ്രവണത. ഇനിയെന്താണ് അദ്ദേഹം ചെയ്യേണ്ടത്. രാജ്യമാണ് ജയിക്കേണ്ടതെന്ന സഞ്ജുവിന്റെ അഭിപ്രായം എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട വിവാദം തങ്ങളുടെ പിഴവുകൊണ്ടല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ഇ.ബിക്ക് പണമടയ്‌ക്കേണ്ടത് ഐ.എഫ്.എസ്.എൽ കമ്പനിയാണ്. ഗ്രൗണ്ട് ഉപയോഗിക്കുന്നതിന് കെ.സി.എ ഐ.എഫ്.എസ്.എല്ലിന് പണം നൽകുന്നുണ്ട്. ഒരു രൂപപോലും കൊടുക്കാൻ ബാക്കിയില്ല. ഫ്യൂസൂരി തങ്ങളെ പേടിപ്പിക്കേണ്ട. ജനറേറ്റർ വച്ച് കളി നടത്തുമെന്നും കെ.സി.എ ഭാരവാഹികൾ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കെ എസ് ഇ ബി വൈദ്യുതി പുനസ്ഥാപിച്ചു.