
തിരുവനന്തപുരം: വനിതാ പൊലീസ് സ്റ്റേഷനിൽ ഫോണിലൂടെ വനിതാ പൊലീസുകാരെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. തുമ്പ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജോസി(33) നെയാണ് കന്റോൺമെന്റ് വനിതാ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ പലപ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. വനിതാ എസ്.ഐ ആശാചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.