
തിരുവനന്തപുരം: ഇരുപത്തിയഞ്ച് കോടിയുടെ ഭാഗ്യം വിരൽത്തുമ്പിലെത്തി കൈവിട്ടുപോയ കഥയിലെ നായിക രഞ്ജിത പകരം എടുത്തത് അതേ നമ്പർ ടിക്കറ്റ്. പക്ഷേ, സീരീസ് മറ്റൊന്നായിരുന്നു. രഞ്ജിതയെ തേടിയും ഭാഗ്യമെത്തി - 5 ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം.
ഓണം ബമ്പർ ഒന്നാം സമ്മാനമടിച്ച ടിക്കറ്റിലേക്ക് കൈ നീട്ടി പെട്ടെന്ന് മനസുമാറി മറ്റൊരു ടിക്കറ്റെടുത്ത രഞ്ജിതയെ ഇന്നലെ മുതൽ എല്ലാവരും അന്വേഷിച്ചിരുന്നു.
തിരുവനന്തപുരം പഴവങ്ങാടി എസ്.പി ഫോർട്ട് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് കുടപ്പനക്കുന്ന് ഇരപ്പുകുഴി കോളശേരി കോണത്ത് പണയിൽ പുത്തൻവീട്ടിൽ രഞ്ജിത വി. നായർ (39). സഹോദരി ടെക്നോപാർക്കിലെ ഉദ്യോഗസ്ഥ രഞ്ജുഷ വി. നായരുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. ആദ്യത്തെ ലോട്ടറി പരീക്ഷണമായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങവേ വൈകിട്ട് 6.30നാണ് ആശുപത്രിക്കടുത്തുള്ള ഭഗവതി ഏജൻസിയിലെത്തിയത്. ടിക്കറ്റ് നോക്കിയപ്പോൾ എല്ലാം ഒരേ നമ്പർ. ഒന്നാം സമ്മാനമടിച്ച ടി.ജെ 750605 എന്ന ടിക്കറ്റ് കണ്ടെങ്കിലും അതെടുക്കാൻ മനസനുവദിച്ചില്ല. പകരം ടി.ജി 750605 എന്ന ടിക്കറ്റാണ് എടുത്തത്. ബമ്പറടിച്ച ടിക്കറ്റ് എടുത്ത് തിരിച്ചുവയ്ക്കുന്ന ദൃശ്യം ഒരു ന്യൂസ് ചാനലിൽ വന്നതോടെയാണ് ആ കൈകൾ ആരുടേതെന്ന അന്വേഷണമുണ്ടായത്.
വീട്ടിൽ കുടുംബത്തോടൊപ്പം ഫലപ്രഖ്യാപനം കണ്ടപ്പോൾ തന്നെ സമ്മാനം ഉണ്ടെന്ന് മനസിലായി. അലമാരയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോഴാണ് സമാശ്വാസ സമ്മാനമാണെന്ന് അറിഞ്ഞത്. ബമ്പർ ഭാഗ്യം കൈവിട്ടതിൽ വിഷമമില്ല. അവസാന നിമിഷം അനുജത്തി നിർബന്ധിച്ചാണ് ടിക്കറ്റ് എടുക്കാൻ പോയത് . പണം അനുജത്തിയുമായി പങ്കുവയ്ക്കും- രഞ്ജിത പറഞ്ഞു.
പ്ലമ്പറായ ബി. ബിനുവാണ് ഭർത്താവ്. മകൾ എട്ടാംക്ലാസ് വിദ്യാർത്ഥി ബി. മാളവിക.
`കഴിഞ്ഞ ദിവസമാണ് സ്വർണം പണയം വച്ച് സ്കൂട്ടർ വാങ്ങിയത്. ഇനി സ്വർണം തിരിച്ചെടുക്കാം എന്ന സന്തോഷമുണ്ട്.'
- രഞ്ജിത വി. നായർ.
മണിക്കൂറുകൾക്കുള്ളിൽ സമ്മാനത്തുക അക്കൗണ്ടിൽ
ഫലം പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുമ്പ് ഓണം ബമ്പറിന്റെ സമാശ്വാസ സമ്മാനം രഞ്ജിതയുടെ അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് കൈമാറി. മുക്കോല ഗ്രാമീൺ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ 3,15,000 രൂപ എത്തി. 1,85,000 രൂപ നികുതിയായി പിടിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വേഗം സമ്മാനത്തുക നൽകുന്നത്.
ഇന്നലെ രാവിലെ 11 മണിക്കാണ് രഞ്ജിത ടിക്കറ്റും രേഖകളുമായി ലോട്ടറി ഡയറക്ടറേറ്റിലെത്തിയത്. ഒന്നാം സമ്മാനം ലഭിച്ച അനൂപും ഇന്നലെ ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കൈമാറിയെങ്കിലും ഇത് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എല്ലാ രേഖകളും കൃത്യമാണെങ്കിൽ പണം കഴിവതും വേഗം കൈമാറണമെന്ന് ഡയറക്ടർ എബ്രഹാം റെൻ നിർദ്ദേശം നൽകിയിരുന്നു.
ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് കൈമാറി ബമ്പർ പണം വിനിയോഗിക്കാൻ പരിശീലനം തേടി അനൂപ്, 15.75 കോടി ഇന്ന് കൈമാറും
തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടി ഭാഗ്യവാൻ ശ്രീവരാഹം സ്വദേശി അനൂപ് ഇന്നലെ ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കൈമാറി ഡയറക്ടറോട് പറഞ്ഞു - സാർ, ഈ പണം എങ്ങനെ ഉപയോഗിക്കണമെന്ന് പരിശീലനം വേണം.
കോടികൾ സമ്മാനമടിക്കുന്നവർക്ക് പണം ഫലപ്രദമായി വിനിയോഗിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള പരിശീലനം സർക്കാർ നൽകുമെന്ന വാർത്തയെത്തുടർന്നാണ് അനൂപെത്തിയത്. നടപടികൾ അന്തിമഘട്ടത്തിലാണ്, തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഡയറക്ടർ മറുപടി നൽകി. നികുതി ഉൾപ്പെടെ കിഴിവുകൾക്ക് ശേഷം 15.75 കോടിയാണ് അനൂപിന് കിട്ടുക.
കനറാ ബാങ്ക് മണക്കാട് ശാഖയിലെ അക്കൗണ്ട് വിവരങ്ങളും ആധാറും തിരിച്ചറിയൽ കാർഡും പേരെഴുതി ഒപ്പിട്ട ലോട്ടറി ടിക്കറ്റും മറ്റ് രേഖകളുമായി ബാങ്ക് പ്രതിനിധിക്കൊപ്പം ഇന്നലെ ഉച്ചയോടെയാണ് അനൂപ് ഡയറക്ടറേറ്റിലെത്തിയത്. ലോട്ടറി ടിക്കറ്റുമായി അനൂപ് എത്തുമെന്ന വിവരമറിഞ്ഞ് ഓഫീസിൽ എല്ലാം സജ്ജമായിരുന്നു. അനൂപ് രാവിലെ എത്തിയാൽ രേഖകളുടെ പരിശോധന കഴിഞ്ഞ് വൈകിട്ടോടെ സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. എത്തിയത് ഉച്ചയ്ക്കായതിനാൽ ഇന്ന് പണം കൈമാറും.
25 കോടി സമ്മാനമടിച്ചെന്ന് അറിഞ്ഞതോടെ ഇന്നലെ സഹായമഭ്യർത്ഥിച്ച് നിരവധിപ്പേർ വീട്ടിൽ എത്തിയെന്ന് അനൂപ്. വീടുവച്ച് നൽകണം, ഭക്ഷണത്തിനും മരുന്നിനും പണം നൽകണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങൾ. ഫോണിലൂടെയും സഹായമഭ്യർത്ഥിച്ച് വിളിക്കുന്നുണ്ട്. തങ്ങളുടെ കഷ്ടസ്ഥിതി വെളിവാക്കുന്ന വീഡിയോ ഉൾപ്പെടെ വാട്സ് ആപ്പിലൂടെ സന്ദേശം അയയ്ക്കുന്നവരുമുണ്ട്. ഇവരോട് അനൂപിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ- 'അല്പ സമയം നൽകൂ, ശേഷം കാര്യങ്ങൾ തീരുമാനിക്കാം.
ജയപാലൻ ചേട്ടന്റെ ഉപദേശം അനുസരിക്കും
ബമ്പറടിച്ചിട്ടും പണം ധൂർത്തടിച്ച് പാപ്പരായി പോയ നിരവധിപ്പേർ നമ്മുടെ മുന്നിലുണ്ട്. ഇവരുടെയൊക്കെ അനുഭവം പാഠമാണ്. അതിനാൽ എല്ലാം നോക്കിയും കണ്ടേ ചെയ്യൂ എന്ന് അനൂപ് പറയുന്നു. ലോട്ടറിപ്പണം ധൂർത്തടിക്കരുതെന്ന ജയപാലൻ ചേട്ടന്റെ (കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ ജേതാവ്) ഉപദേശം കേരളകൗമുദിയിൽ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തിന് വലിയ വില കല്പിക്കുന്നു. ഭാവി കാര്യങ്ങൾ നന്നായി ആലോചിച്ചേ പ്ലാൻ ചെയ്യൂ. സമ്മാനത്തുക സ്ഥിര നിക്ഷേപം ഇടുന്നതാകും ഉചിതമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. - അനൂപ് പറഞ്ഞു.
തട്ടിയെടുത്തടിക്കറ്റ് സമ്മാനത്തിനായി ലോട്ടറി ഓഫീസിൽ : കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്
മഞ്ചേരി: മഞ്ചേരിയിൽ നിന്ന് കവർച്ച ചെയ്ത കേരള നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമായി പാലക്കാട് സ്വദേശി തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിലെത്തി. ടിക്കറ്റ് സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. കവർച്ച ചെയ്ത ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ലോട്ടറി ഓഫീസിൽ നൽകിയിരുന്നതിനാൽ ഉദ്യോഗസ്ഥർ പൊലീസിന് വിവരം കൈമാറി. പൊലീസ് ഇയാളുടെ മൊഴിയെടുത്തു. ടിക്കറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
പണത്തിന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചവരിൽ നിന്ന് വില കൊടുത്ത് ടിക്കറ്റ് വാങ്ങിയെന്നാണ് പാലക്കാട് സ്വദേശി പൊലീസിനോട് പറഞ്ഞത്.ഒരു സംഘം വന്ന് ബന്ധുവിന് ഒന്നാം സമ്മാനമായി ലോട്ടറി ടിക്കറ്റ് ലഭിച്ച കാര്യം പറഞ്ഞു. പണത്തിന് അത്യാവശ്യമുണ്ടെന്നും ബാങ്കിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം ലഭിക്കാൻ ആറു മാസമെടുക്കുമെന്നതിനാലാണ് ടിക്കറ്റ് വിൽക്കുന്നതെന്നും വിശദീകരിച്ചു. 15 ലക്ഷം രൂപ നൽകിയാണ് ടിക്കറ്റ് വാങ്ങിയതത്രേ. ടിക്കറ്റ് കവർന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളും ടിക്കറ്റ് വാങ്ങിയ ആളും തമ്മിൽ ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയിൽ നിന്നാണ് കഴിഞ്ഞ 15നു ടിക്കറ്റ് തട്ടിയെടുത്തത്.